ദുബായില്‍ നിന്നും ഡീസല്‍ കടത്ത് ; ചെന്നൈയില്‍ നാല് പേര്‍ പിടിയില്‍

ചെന്നൈ : ദുബായില്‍നിന്ന് അനധികൃതമായി ഡീസല്‍ കടത്തിയ സംഘത്തിലെ നാല് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടികൂടി. ഇവര്‍ കടത്താന്‍ ശ്രമിച്ച മൂന്ന് ലക്ഷം ലിറ്റര്‍ ഡീസലും പിടിച്ചെടുത്തു. ചെന്നൈയിലെയും ഹൈദരാബാദിലെയും ഡി.ആര്‍.ഐ. സംഘങ്ങളുടെ നേതൃത്വത്തില്‍ ചെന്നൈയിലും കാകിനാഡയിലും അടക്കം 12 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. ഹവാല ഇടപാടുകാരന്‍ അടക്കം നാലു പേരാണ് അറസ്റ്റിലായത്. നികുതിയില്ലാതെ ദുബായില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വില്‍ക്കുകയാണ് കടത്തല്‍ സംഘത്തിന്റെ രീതിയെന്ന് ഡി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു.

ഡീസല്‍ കടത്തി ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വില്‍പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 കണ്ടെയ്‌നറുകളില്‍ നിന്നായാണ് ഡീസല്‍ പിടിച്ചെടുത്തത്. ചെന്നൈ മറൈമലൈനഗറില്‍ ഡീസല്‍ സൂക്ഷിക്കാനായി പ്രത്യേക സൗകര്യവുമുണ്ട്. ഗിണ്ടിയില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ദുബായില്‍നിന്ന് ഡീസല്‍ വാങ്ങുന്നതിനും മറ്റുമായി അവിടെ വ്യാജ കമ്പനിയുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടത്തലിനുള്ള പണം കൈമാറിയിരുന്നത് ഹവാല ഇടപാടിലൂടെയായിരുന്നു. ഇതിനകം 17.7 കോടി രൂപയോളം വിലമതിക്കുന്ന 63 ലക്ഷം ലിറ്റര്‍ ഡീസല്‍ ഇവര്‍ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.