യുഎഇ ; മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി

വിനോദസഞ്ചാരത്തിനു എത്തി മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി. ദുബൈയിലാണ് സംഭവം. വഴിതെറ്റി ക്ഷീണിച്ച് അവശരായ കുടുംബത്തെ ഹത്ത പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം രക്ഷപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന വിദേശികള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഹത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല റാഷിദ് അല്‍ ഹഫീത് പറഞ്ഞു. നിശ്ചിത പാതയില്‍ നിന്ന് വഴിതെറ്റി മാറിയെന്ന് പറഞ്ഞ കുടംബം സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പൊലീസ് ഡ്രോണുകളുടെ സഹായത്തോടെ ഇവരുടെ ലൊക്കേഷന്‍ കണ്ടുപിടിച്ചു. മിനിറ്റുകള്‍ക്കുള്ളിലാണ് ഇവര്‍ എവിടെയാണ് കുടുങ്ങിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അവിടെയെത്തി കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

പര്‍വ്വതങ്ങള്‍, താഴ് വരകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിങ്ങനെ സഹായം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധികൃതര്‍ സദാ സന്നദ്ധരാണെന്ന് അല്‍ ഹഫീത് പറഞ്ഞു. പര്‍വ്വതങ്ങളുടെ സൗന്ദര്യമാസ്വദിക്കാനും താഴ് വതകളും ഡാമുകളും പരമ്പരാഗത ഗ്രാമങ്ങളും ആസ്വദിക്കാനായി എത്തുന്ന നിരവധി സന്ദര്‍ശകരെ ഹത്ത മേഖല സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പര്‍വ്വതങ്ങള്‍ കയറുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ 999 എന്ന നമ്പരില്‍ വിളിക്കണമെന്നും രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ നിലിവിലുള്ള സ്ഥലത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.