ആലുവ പോലീസ് മര്‍ദനം ; മര്‍ദനമേറ്റയാള്‍ക്കെതിരേയും കേസ്

ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മര്‍ദനമേറ്റയാള്‍ക്കെതിരേയും പോലീസ് കേസ്. പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനാണ് ഉസ്മാന്‍ എന്ന വ്യക്തിക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാര്‍ തട്ടിയതിനെ തുടര്‍ന്ന് പോലീസുകാര്‍ ഉസ്മാനെ പ്രകോപനമില്ലാതെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഉസ്മാന്റെ മുഖത്ത് ചതവേറ്റിട്ടുണ്ട്. താടിയെല്ലിന് പൊട്ടലുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്ന് ഉസ്മാന്റെ സഹോദരന്‍ കുഞ്ഞുമുഹമ്മദ് പറയുന്നു. പോലീസ് ക്രൂരമായാണ് സഹോദരനെ മര്‍ദിച്ചത്. എന്നിട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറായില്ല. ഒടുവില്‍ ഡിവൈഎസ്പിയും സിഐയും എത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് തയാറായത്.

എന്നാല്‍, അവിടെനിന്ന് ഉസ്മാന് ഒരു പരിക്കുമില്ലെന്ന റിപ്പോര്‍ട്ട് ഡോക്ടറെ കൊണ്ട് എഴുതിക്കുകയായിരുന്നു. ആ ഉസ്മാനാണ് ഇപ്പോള്‍ ഗുരുതര പരിക്കുകളോടെ ഐസിയുവില്‍ കിടക്കുന്നത്. ഡോക്ടര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. അതേസമയം പോലീസിനെ ആദ്യം ആക്രമിച്ചത് ഉസ്മാനാണെന്ന് എടത്തല പോലീസ്. അയല്‍വാസി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടാനാണ് മൂന്നംഗ പോലീസ് സംഘം പോയിരുന്നതെന്നും പോക്‌സോ കേസായതിനാല്‍ വിവരം പുറത്തുപോകാതിരിക്കാനാണ് സ്വകാര്യ വാഹനത്തില്‍ മഫ്തി വേഷത്തില്‍ പോയതെന്നും പോലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.

ഇന്നലെ രാത്രി നൂറുകണക്കിന് ആളുകള്‍ എടത്തല പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ വിവിധ വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും എടത്തല പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്‍ നാല് പോലീസുകാരെ സ്ഥലം മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. എടത്തല പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കുള്‍പ്പടെയാണ് സ്ഥലം മാറ്റം. എസ്.ഐക്ക് എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവുണ്ട്.