നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ; അമ്മ പോലീസ് കസ്റ്റഡിയില്‍

കൊല്ലം : കൊല്ലം നീരാവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും മഹാരാഷ്ട്ര സ്വദേശിനിയുമായ യുവതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. യുവതി ഇന്ന് രാവിലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. പരിശോധനയില്‍ ഈ സ്ത്രീ അല്‍പം മുമ്പ് പ്രസവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. എന്നാല്‍ കുഞ്ഞ് ഇല്ലാതെ തനിയെ ആണ് യുവതി ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിനെ പറ്റി തിരക്കിയ സമയം യുവതി കൃത്യമായ മറുപടി നല്‍കിയതുമില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇവര്‍ താമസിക്കുന്ന വീടിനടുത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ രണ്ട് ദിവസം മുന്‍പാണ് ഈ സ്ത്രീ താമസത്തിനായി എത്തിയത്. മഹാരാഷ്ട്ര സ്വദേശികളാണ് മുമ്പും ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ വെച്ചുതന്നെയാണ് യുവതി പ്രസവിച്ചതെന്നാണ് സൂചന. അതേസമയം കൊലപാതകമാണോ അതോ പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.