ആര്‍ എസ് എസ് വെല്ലുവിളി നേരിടാന്‍ പ്രതിരോധ സംവിധാനവുമായി കോണ്ഗ്രസ്

കൊച്ചി : ആര്‍.എസ്.എസിന്റെ വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് പ്രതിരോധ സംവിധാനം രൂപീകരിക്കുന്നു. പ്രാഥമിക ഘട്ടമായി അഹിംസാ കേ രാഷ്ട്ര എന്ന പേരില്‍ മഹാത്മാ ഗാന്ധി 1936 ല്‍ രൂപീകരിച്ച മഹാരാഷ്ട്രയിലെ വര്‍ധയിലെ സേവാഗ്രാമത്തിലാണ് ആദ്യത്തെ ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്.
സംഘപരിവാര്‍ രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്ന അരാജകത്വത്തിനെതിരെ ശക്തമായ യുവനിര കെട്ടിപ്പടുക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നു കേരളത്തില്‍ നിന്നു പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ജി സുനില്‍ വ്യക്തമാക്കി. മഹാത്മാഗാന്ധി വിഭാവനം ചെയ്ത അംഹിസയിലൂടെ പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധി മരണം വരെ താമസിച്ച സേവാഗ്രാമം പ്രഥമ വേദിയാക്കിയതെന്നും സുനില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസിലെ യുവ നേതാക്കളെയും കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒയിലെ അംഗങ്ങളുമാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ സച്ചിന്‍ റാവുവാണ് ക്യാംപിനു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ആറിനാരംഭിച്ച ക്യാംപ് ഒന്‍പതിനു അവസാനിക്കും.
കേരളത്തില്‍ നിന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി ജി സുനില്‍, ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി വി സുനീര്‍, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സജി ജോസഫ് എന്നിവരാണ് കേരളത്തില്‍ നിന്നു പങ്കെടുക്കുന്നത്.









