മഴ വീണ്ടും കനത്തു ; ഇടുക്കി ഡാം തുറക്കുമെന്ന് അറിയിപ്പ് ; ഇടമലയാര്‍ തുറന്നു

മഴ വീണ്ടും കനത്തതോടെ ദിവസങ്ങള്‍ക്കകം ഇടുക്കി അണക്കെട്ട് തുറക്കുമെന്നുറപ്പായി. ഏറിയാല്‍ ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കും. ഇതിനുള്ള മുന്നൊരുക്കമായി ഇടമലയാര്‍ അണക്കെട്ട് തുറക്കുവാന്‍ തീരുമാനമായി. നിയന്ത്രിത തോതില്‍ ഇടമലയാര്‍ ഡാം തുറന്നാല്‍ മാത്രമേ ഇടുക്കി തുറക്കുമ്പോള്‍ പെരിയാറിലേക്ക് പൊടുന്നനെയുള്ള ജലത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനാകൂ.
ഈ സാഹചര്യത്തിലാണ് ഇടമലയാര്‍ ഡാം തുറക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇടമലയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന വനമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ തോതും കൂടിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്.
സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്. തുലാമഴയ്ക്കാണ് ഡാമിലെ ജലനിരപ്പ് പ്രകടമായി ഉയരാറുള്ളത്. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തില്‍ തന്നെ ഡാം നിറയുന്ന അവസ്ഥയുണ്ടായി. വൈദ്യുതി ഉത്പാദനം പരമാവധി കൂട്ടി ജലനിരപ്പ് ക്രമീകരിക്കാന്‍ സാധിച്ചേക്കും.
പക്ഷെ ശക്തമായ തുലാവര്‍ഷം കൂടി ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാവുന്ന സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന് ഇടുക്കി തുറക്കുന്നതിനുള്ള ധാരണയില്‍ എത്തിയിരിക്കുന്നത്. ഇടമലയാറിനു താഴെയുള്ള ഭൂതത്താന്‍കെട്ട് ഡാം ആഴ്ചകളായി തുറന്നിരിക്കുകയാണ്.
ഇടമലയാറില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ട് വഴിയാണ് ഒഴുകുക. ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ ഡാമുകളുടെയും വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്.








