കമ്പക്കാനം ; കൊലപാതകം ചെയ്‌താല്‍ പിടിക്കപ്പെടില്ല എന്ന് പൂജാരിയുടെ ഉറപ്പ് ; കൊലയ്ക്ക് മുന്‍പ് കോഴിയെ ബലി നല്‍കി
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലാകുവാന്‍ കാരണം അമിത ആത്മവിശ്വാസവും പിടിക്കപ്പെടില്ല എന്ന പൂജാരിയുടെ വാക്കും. ഒന്നാം പ്രതി അനീഷും ലിബീഷും ബാബുവും കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുമോ അറിയാന്‍ പൂജാരിയെ സമീപിച്ചത്. പൂജാരി ഗണിച്ചു നോക്കിയ ശേഷം പ്രതികളോട് നല്ല സമയമാണ്. കുഴപ്പമൊന്നും സംഭവിക്കില്ല. പൂജാരിയുടെ വാക്ക് വിശ്വസിച്ച പ്രതികള്‍ കൃത്യം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കോഴിയെ ബലി നല്‍കിയ ശേഷമായിരുന്നു പ്രതികള്‍ കൊലപാതകം നടത്താന്‍ ഇറങ്ങിതിരിച്ചത്. പൂജാരിയും പ്രതികളും ചേര്‍ന്നായിരുന്നു കോഴിയെ കൊന്നത്.
അടിമാലി സ്വദേശിയായ അനീഷ് തന്റെ സ്വന്തം ആവശ്യത്തിനായാണ് ആദ്യമായി കൃഷ്ണന്റെ അടുത്ത് പോകുന്നത്. വിവാഹം നടക്കാനും, വീട് വയ്ക്കാനുമായി മന്ത്രവാദം നടത്താനായിരുന്നു ആദ്യകൂടിക്കാഴ്ച. പിന്നിട് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായി മാറിയ അനീഷ് കൃഷ്ണനില്‍ നിന്ന് ശക്തിയും മാന്ത്രികസിദ്ധിയും കൈവശപ്പെടുത്തുന്നതിനും ഒപ്പം സ്വര്‍ണാഭരണങ്ങള്‍ കവരാനും കൂടിയാണ്ണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പിടിയിലായ രണ്ടാം പ്രതി ലിബീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
കൃഷ്ണനൊപ്പം ചേര്‍ന്ന് പൂജകളും മന്ത്രവാദവും ചെയ്തു വരികയായിരുന്നു ഇയാള്‍. കൃഷ്ണനില്‍ നിന്ന് മൂന്ന് വര്‍ഷമായി അനീഷ് പൂജകളും മന്ത്രവാദവും പഠിച്ചിരുന്നു.
കൃത്യം നടത്തിയ ശേഷം സ്ത്രീകളുടെ മൃതദേഹങ്ങളെ അപമാനിച്ചെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ആറു മാസങ്ങള്‍ക്കു മുമ്പു തന്നെ കൊലപാതക പദ്ധതികള്‍ അനീഷ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ലിബീഷ് സഹകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അന്നിതു നടക്കാതെ പോയത് .
നാലുപേരെയും കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹങ്ങള്‍ വികൃതമാക്കാന്‍ ശ്രമിച്ചിരുന്നു. അതേസമയം കൂട്ടക്കൊലക്ക് പിന്നിലും, മൃതദേഹങ്ങള്‍ മറവുചെയ്യാനും കൂടുതല്‍പേര്‍ പ്രതികളെ സഹായിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ഇടുക്കി എസ്.പി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കള്‍ ആരോപിച്ചു. അറസ്റ്റിലായ ലിബീഷും ഒളിവില്‍ കഴിയുന്ന അനീഷും മാത്രമാണു പ്രതികളെന്ന രീതിയിലാണ് കേസ് പോകുന്നത്. ഇതു മറ്റാരെയോ രക്ഷിക്കാന്‍വേണ്ടിയാണോയെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.








