വിശുദ്ധിയുടെ അടയാളങ്ങളില്ലാത്ത ശൂന്യത…
സാബു പള്ളിപ്പാട്ട്
മനുഷ്യര്‍ എക്കാലത്തും അന്വേഷണ കുതുകികളായിരുന്നു. ശരീരബലത്തില്‍ മറ്റു ജീവികളെ അപേക്ഷിച്ച് വളരെ ദുര്‍ബലനായ മനുഷ്യന്‍ ഇന്ന് ഭൂമി അടക്കി വാഴുന്നതിന്റെ കാരണം നിരന്തര അന്വേഷണമാണ്. എങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചോദ്യം ചെയ്യപ്പെടാത്ത മതമാമൂലുകളില്‍ ജീവിച്ചു തീരാനാണ് ഭൂരിഭാഗം മനുഷ്യരുടെയും വിധി. അതിനിടെ ആരെങ്കിലും ഒരു സന്ദേശം ഉന്നയിച്ചാല്‍ അയാളെ പൂര്‍ണ്ണമായും തഴയുകയാണ് പതിവുരീതി.
ബുദ്ധമതവും ഇങ്ങനെ വെറും ആചാരാനുഷ്ടാനങ്ങളില്‍ മുഴുകി മന്ദീഭവിച്ചപ്പോള്‍ അതിനെ വീണ്ടുമുണര്‍ത്തിയ ഒരു
ധാരയാണ് സെന്‍ ബുദ്ധിസം. സന്ദേഹങ്ങളുമായി അരികിലെത്തിയവരെ പ്രത്യേക ശൈലിയിലുള്ള ഡയലോഗുകള്‍ കൊണ്ടാണ് സെന്‍ ഗുരുക്കന്മാര്‍ അവബോധത്തിലേക്ക് (awareness) ഉണര്‍ത്തിയത്. സെന്‍ കൊവാന്‍ (zen
koan) എന്നത് പിന്നീട് അറിയപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് ചൈനയിലെത്തിയ ബോധിധര്‍മ്മനോട് അന്നത്തെ എമ്പറര്‍ വൂ (wu) ആരാഞ്ഞു; ബുദ്ധിസത്തിലെ പരമമായ സത്യമേതാണ്? ഒട്ടും ആലോചിച്ചു നില്‍ക്കാതെ മറുപടി വന്നു. ‘അതിരുകളില്ലാത്ത ശൂന്യത, വിശുദ്ധിയുടെ അടയാളങ്ങള്‍ ഒന്നുമില്ല.’ (Vast emptiness and not a trace of holiness)
‘വിശുദ്ധിയില്ലെങ്കില്‍ പിന്നെ അങ്ങ് ആരാണ്?’ ചക്രവര്‍ത്തി ആദരവോടെ ചോദിച്ചു. ബോധിധര്‍മ്മ ശാന്തമായി
മറുപടി പറഞ്ഞു, ‘എനിക്കറിയില്ല..’
ഇതൊരു കൊവാന്‍ (koan). ഇതിലെ ആന്തരാര്‍ത്ഥം സ്വയമറിയണം. എഴുതിവെയ്ക്കുന്ന ഉത്തരങ്ങള്‍ വീണ്ടും
പുതിയ പ്രമാണങ്ങളാവും. ഒരുമിച്ചിരുന്ന് കൊവനുകള്‍ ചര്‍ച്ച ചെയ്യാം. ഇടയ്‌ക്കൊക്കെ കുറച്ചു നേരം മൗനമായിരിക്കാം. ധ്യാനിക്കാം. അതാണ് സെന്‍ ബുദ്ധിസം. അവിടെ വിശുദ്ധിയുടെ അടയാളങ്ങള്‍ തേടി വരുന്നവര്‍ നിരാശരാകും.
സെന്‍ മാസ്റ്ററും, ഈശോസഭാ വൈദീകനുമായ (Jesuit) ഫാ. അമാ സാമി വര്‍ഷത്തില്‍ ഒരു തവണ യൂറോപ്പില്‍ സന്ദര്‍ശനത്തിന് എത്താറുണ്ട്. വിയന്നയില്‍ നിന്നും, ജര്‍മനിയില്‍ നിന്നും പലരും കൊടൈക്കനാലിലുള്ള അദ്ദേഹത്തിന്റെ ബോധി സെന്തോയില്‍ മൗനമായി കുറച്ചു ദിവസങ്ങള്‍ ആയിരിക്കാന്‍ സംഘം ചേരാറുണ്ട്. വിയന്നയില്‍ ഈ വര്‍ഷം അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചെലവിട്ട സായാഹ്നത്തിലെ ചിന്തകളും, ചിത്രങ്ങളുമാണ് ഇവിടെ പങ്കിടുന്നത്. ഒന്നുമാത്രം. വിശുദ്ധിയുടെ അടയാളങ്ങള്‍ ഒന്നുമില്ലാത്ത ശൂന്യതയാണത്…!



