യൂസഫലി മുഖേന 700 കോടി കേരളത്തിന്‌ നല്‍കുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി

കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു എങ്കിലും യുഎ ഇ ഭരണകൂടം പ്രഖാപിച്ച 700-കോടിരൂപ യുടെ സഹായം യൂസഫലി കൊടുക്കുമെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വ്യക്തികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ്.

ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ പരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കേരളത്തിന് 700 കോടി രൂപയുടെ സഹായം യുഎഇ വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരുള്ളത്.

ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ തുക ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നല്‍കുമെന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎ യൂസഫലി നേരത്തെ 18 കോടി രൂപ നല്‍കിയിരുന്നു. യൂസഫലി കൂടി ഇടപെട്ടാണ് യു എ ഇ ഇത്രയും തുക കേരളത്തിന്‌ നല്‍കാന്‍ തയ്യാറായത്.