ചൈനയെ പ്രതിരോധിക്കാന്‍ ഡയമണ്ട് നെക് ലേസ് എന്ന പേരിൽ പദ്ധതിയുമായി ഇന്ത്യ
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ നാലു ഭാഗത്ത് നിന്നും വളയാനുള്ള ചൈനയുടെ ‘സ്ട്രിങ് ഓഫ് പേള്‍സ്’ പദ്ധതിക്ക് മറുപടിയായി ഡയമണ്ട് നെക് ലേസ് എന്ന പദ്ധതിയുമായി ഇന്ത്യ.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നതില്‍ അപകടം മണത്താണ് ചൈനയെ വളയാന്‍ നെക് ലേസ് ഓഫ് ഡയമണ്ട് എന്ന പദ്ധതിക്ക് ഇന്ത്യ രൂപം കൊടുത്തത്. സീഷെല്‍സ്, ഒമാന്‍, ഇറാന്‍, ഇൻഡൊനീഷ്യ, സിങ്കപ്പുര്‍, വിയറ്റ്‌നാം, ജപ്പാന്‍, മംഗോളിയ എന്നിവിടങ്ങളില്‍ കൂടി ചൈനയെ പതിയെ പതിയെ ഇന്ത്യ വളഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് യുറേഷന്‍ ടൈംസ് പറയുന്നു.
സിങ്കപ്പൂര്‍, ഇൻഡൊനീഷ്യ,ഒമാന്‍ എന്നീ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ നാവിക താവളങ്ങളില്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇപ്പോള്‍ പ്രവേശിക്കാനാകും. ഇതുവഴി മലാക്കാ കടലിടുക്കുവഴിയുള്ള ചൈനീസ് കപ്പലുകളുടെയും അന്തര്‍വാഹിനികലുടെയും സഞ്ചാരം ഇന്ത്യയ്ക്ക് നിരീക്ഷിക്കാന്‍ സാധിക്കും. ഒമാനിലെ ദുഖാം വഴി ജിബൂട്ടിയിലെയും പാകിസ്താനിലെ ഗദ്വാര്‍ തുറമുകത്തിലെയും ചൈനീസ് നീക്കങ്ങള്‍ ഇന്ത്യയ്ക്ക് നിരീക്ഷിക്കാനാകും.
അതുപോലെ വിയറ്റ്‌നാമുമായി സഹകരിച്ചതോടെ ചൈന കുത്തകയാക്കി വെച്ചിരുന്ന ദക്ഷിണ ചൈനാ കടലിലേക്കും ഇന്ത്യന്‍ നാവിക സേനയ്ക്ക് പ്രവേശിക്കാനായി. ചൈനയുടെയും റഷ്യയുടെയും ഇടയില്‍ ഒറ്റപ്പെട്ടിരുന്ന മംഗോളിയയെ സാമ്പത്തിക സഹായം നല്‍കി കൂടെ നിര്‍ത്താനുള്ള ഇന്ത്യന്‍ നീക്കങ്ങളും വിജയിക്കുമെന്നാണ് വിവരങ്ങള്‍. ജപ്പാനുമായി തന്ത്രപ്രധാനമായ സഖ്യമാണ് ഇന്ത്യ വളര്‍ത്തിയെടുത്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക- സൈനിക സഹകരണം ഇപ്പോള്‍ ദൃഢമാണ്.
ഇതോടെ ആഗോള തലത്തില്‍ ചൈനനടത്തുന്ന നീക്കങ്ങള്‍ ഏതാണ്ട് മിക്കതിലും ഇന്ത്യയുടെ കണ്ണുണ്ടാകുമെന്ന അവസ്ഥയിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ പാകിസ്താന്‍, മ്യാന്‍മര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ കൂടി ചരക്ക് നീക്കത്തിനും മറ്റും ചൈന മറുപാത തെളിയിച്ചെങ്കിലും ഇന്ത്യയുടെ കണ്ണുവെട്ടിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.









