പൊലീസിലെ കൂട്ട തരംതാഴ്ത്തൽ ; നടപടിക്കെതിരെ ഡിവൈഎസ്‍പിമാർ ഹൈക്കോടതിയിലേക്ക്

11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരംതാഴ്ത്തി സര്‍ക്കാര്‍ ഇറക്കിയ കൂട്ടനടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തരംതാഴ്ത്തിയ ഡിവൈഎസ്പിമാരുടെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പിമാര്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

2014 മുതല്‍ താല്‍ക്കാലിക പ്രൊമോഷന്‍ നല്‍കിയിരുന്ന ഡിവൈഎസ്പിമാരുടെ പട്ടികയാണ് സര്‍ക്കാര്‍ പുനപരിശോധിച്ചത്. ഇതില്‍ അച്ചടക്ക നടപടി നേരിട്ട 12 പേരെ തരംതാഴ്ത്താന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഡിവൈഎസ്പിയായ എം.ആര്‍ മധുബാബു ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവായി.

ഇന്നലെ അര്‍ദ്ധരാത്രിയോടെ ബാക്കി 11 പേരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന പൊലീസ്ആക്ടിലെ സുപ്രധാന വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡിവൈഎസ്പിമാരുടെ പട്ടിക പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്.

അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് സേനയിലെ അഴിച്ചുപണികളും തുടങ്ങി. 63 ഡിവൈഎസ്പിമാരെയും 11 അഡിഷണല്‍ എസ്പിമാരെയും സ്ഥലംമാറ്റി. അതുപോലെ ഉത്തരവില്‍ തരംതാഴ്ത്തിയ ഉദ്യോഗസ്ഥന്‍ മാറ്റപ്പട്ടികയിലും ഉള്‍പ്പെട്ടു. തരംതാഴ്ത്തിയ ടി അനില്‍കുമാറിനെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായാണ് സ്ഥലംമാറ്റിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 63 ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ മാറ്റി നിയമിച്ചത്.