മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നു ആരാധകര്‍

തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ ജനങ്ങള്‍ കാണൂവെന്ന് ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമല്‍ കുമാര്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയപാര്‍ട്ടിയും ഒരു നടനെ വെച്ചല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതെന്ന് വിമല്‍ കുമാര്‍ പറയുന്നു. അവര്‍ക്ക് അവരുടേതായ നയം വേണം. മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ആര്‍എസ്എസ്സുകാര്‍ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകള്‍ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാന്‍ നോക്കുന്നത്? വിമല്‍ കുമാര്‍ ചോദിക്കുന്നു.

മോഹന്‍ലാല്‍ പൊതു സമൂഹത്തിന്റെ സ്വത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ അദ്ദേഹം കേള്‍ക്കേണ്ടി വരും. അത് ശരിയാണോ? നിങ്ങള്‍ക്ക് ശരിക്ക് മോഹന്‍ലാലിനോട് സ്‌നേഹമുണ്ടോ? – എന്ന് ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധിയുടെ ചോദ്യം.

ഇന്നസെന്റിനെ പലയിടത്തും ആളുകള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ചീത്ത വിളിയും ബഹളവുമാണ്. നല്ല നടനാണ് ഇന്നസെന്റ്. പക്ഷേ ജയിച്ച് പാര്‍ലമെന്റിലേക്ക് പോയിട്ട് ഒന്നും ചെയ്തില്ല. സിനിമ കാണുന്ന ആളുകള്‍ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളാണ്. അവര്‍ക്ക് കാര്യങ്ങളറിയാം. അതുപോലെത്തന്നെയാണ് മുകേഷും. ആകെ അപവാദമുള്ളത് ഗണേഷ് കുമാറാണ്.

രാഷ്ട്രസേവനത്തിനായി സ്വയം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല മോഹന്‍ലാല്‍. മോഹന്‍ലാലിന് സിനിമയില്‍ ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്.

മോഹന്‍ലാല്‍ സിനിമയിലഭിനയിക്കണ്ട, പകരം ലോക്‌സഭയിലെ പിന്നിലെ സീറ്റില്‍ പോയി ഇരുന്നാല്‍ മതിയെന്നല്ല ഞങ്ങള്‍ കരുതുന്നത് – വിമല്‍ കുമാര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറി’ലാണ് ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധിയുടെ പ്രതികരണം. വരുന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ബിജെപിയുടെ സ്ഥാനാര്‍ഥിയാക്കുവാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. അതിനിടയിലാണ് ആരാധകര്‍ തങ്ങളുടെ ഭാഗം വിശദമാക്കിയത്.