ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ പാകിസ്താന്‍

കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. ഇക്കാര്യത്തില്‍ പാക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് വരുന്ന വാര്‍ത്തകള്‍. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങള്‍ പുറത്തുവരുന്നത്.

മസൂദ് അസര്‍ കടുത്ത രോഗബാധിതനായിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളാണ് മസൂദ് അസര്‍ മരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടതെന്നാണ് വിവരങ്ങള്‍.

എന്നാല്‍ പാക് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാക് സൈന്യം സ്ഥിരീകരിക്കുന്ന മുറയ്ക്ക് അവിടുത്തെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുമെന്നാണ് കരുതുന്നത്. അതേസമയം മസൂദ് അസര്‍ മരിച്ചെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി ജയ്ഷെ മുഹമ്മദ് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യാ- പാക് ബന്ധം അത്യന്തം വഷളാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദ് അസര്‍ രൂപവത്കരിച്ച ജെയ്ഷെ മുഹമ്മദായിരുന്നു.