തൃശൂരില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്‍പസമയം നീതുവുമായി സംസാരിച്ചു.

തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്നും നീതു ബന്ധത്തില്‍ നിന്നും പിന്മാറിയത് കാരണമാണ് യുവാവ് ഇത്തരത്തില്‍ പകരം തീര്‍ത്തത് എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. നീതു വിളിച്ചിട്ടാണ് നിതീഷ് വീട്ടില്‍ ചെന്നത് എന്നും അവര്‍ പറയുന്നു.

വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ബി ടെക് വിദ്യാര്‍ത്ഥിനി ആയിരുന്നു നീതു. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. ബൈക്കിലാണ് അക്രമി എത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു.