തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് ; കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു : സിബിഐ
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ എഫ്ഐആര്‍. കോടികള്‍ വിലവരുന്ന സ്വര്‍ണ്ണം പ്രതികള്‍ വിമാനത്താവളം വഴി കടത്തിയതായും ജൂവലറികള്‍ വഴി വിറ്റഴിച്ചതായും എഫ്ഐആറില്‍ പറയുന്നു.
അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ മുഖ്യപ്രതിയെന്ന് വ്യക്തമാക്കുന്ന എഫ്ഐആറാണ് അന്വേഷണ സംഘം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഒന്‍പതു പ്രതികളും ചേര്‍ന്ന് സ്വര്‍ണ്ണക്കടത്തിനായി ഗൂഢാലോചന നടത്തി.
ഏപ്രില്‍ 27 നും മെയ് 13 നും ഇടയിലുള്ള കാലയളവിലായിരുന്നു ഗൂഢാലോചന നടത്തിയത്. ഇക്കാലയളവില്‍ വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണ്ണം പ്രതികള്‍ കടത്തി. ഇങ്ങനെ കടത്തുന്ന സ്വര്‍ണ്ണം ജൂവലറികള്‍ വഴിയാണ് വിറ്റിരുന്നതെന്നും എഫ്ഐആറില്‍ പറയുന്നു.
കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ പ്രതികള്‍ക്ക് സ്വര്‍ണ്ണം കടത്താനായി സഹായം ചെയ്തു. വിമാനത്താവളത്തിലെ എക്സറേ പൊസിഷനില്‍ പരിശോധന ഒഴിവാക്കിയായിരുന്നു രാധാകൃഷ്ണന്‍ പ്രതികളെ കടത്തിവിട്ടിരുന്നതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് നടന്നതായി കണ്ടെത്തിയ ദിവസങ്ങളില്‍ മസ്‌ക്കറ്റ്, ദുബായ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വിമാനം എത്തുമ്പോള്‍ രാധാകൃഷ്ണന്‍ പരിശോധന ചുമതല ഏറ്റെടുത്തിരുന്നതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എഫ്ഐആറില്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ ബിജു, പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം ഉള്‍പ്പടെയുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ടെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.








