കരിപ്പൂര്‍ ഒരു മുന്നറിയപ്പ് ; തിരുവനന്തപുരം വിമാനത്താവളത്തിലെ ഭീഷണി ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

കരിപ്പൂര്‍ വിമാനാപകടത്തിനു പിന്നാലെ തലസ്ഥാന ജില്ലയിലെ വിമാനത്താവളം നേരിടുന്ന ഭീഷണി ഉയര്‍ത്തി സോഷ്യല്‍ മീഡിയ. വ്യാപകമായ പക്ഷി ശല്യത്തിന്റെ ഇടയില്‍ ആണ് ഓരോ വിമാനങ്ങളും തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ നിന്നും പറന്നു പൊങ്ങുന്നതും പറന്നിറങ്ങുന്നതും.

പക്ഷി ഇടി ഒഴിവാക്കാന്‍ ആയി അധികൃതര്‍ എയര്‍പോര്‍ട്ട് ചുറ്റു മതിലിന് പുറത്ത് പോലും പടക്കം പൊട്ടിച്ചു പക്ഷികളെ അകറ്റാന്‍ ശ്രമിക്കുന്ന കാഴ്ച്ച ഇവിടെ പതിവാണ്. എന്നിട്ടും കഴിഞ്ഞ വര്ഷം മാത്രം 28 തവണയാണ് തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുന്ന വിമാനങ്ങളില്‍ പക്ഷികള്‍ ഇടിച്ചത്. മനുഷ്യ ജീവനുകള്‍ക്ക് തന്നെ ഭീഷണിയായ പക്ഷികളെ എയര്‍ പോര്‍ട്ട് പരിസരത്ത് നിന്നും തുരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

പക്ഷികള്‍ അല്ലെ അവയെ എങ്ങനെ തുരത്തും എന്നാണ് ചോദ്യം എങ്കില്‍ പക്ഷികളെ അവിടെ എത്തിക്കുന്നത് എന്താണെന്നു ആലോചിക്കുക. റണ്‍വേക്ക് സമീപം ഉള്ള പൊന്നറ പാലത്തിനു സമീപം മാലിന്യങ്ങള്‍ തള്ളുന്നതു ഭക്ഷിക്കാനായി എത്തുന്ന പക്ഷികള്‍ ആണ് അവ മുഴുവന്‍. അറവു മാലിന്യം അടക്കം അവിടെ തള്ളുന്നത് തടയാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി , നഗരസഭ , ജില്ലാഭരണകൂടം എന്നിവര്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം.

എയര്‍പോര്‍ട്ട് ചുറ്റുമതിലിന് സമീപമായി തുറന്നു കിടക്കുന്ന അഴുക്ക്ചാല്‍ ഒരു മാലിന്യവാഹകയാണ്. ഇതൊന്നും ശ്രദ്ധിക്കാതെ പടക്കം പൊട്ടിച്ചാല്‍ പക്ഷികള്‍ വരില്ല എന്ന് ചിന്തിക്കുന്ന അധികൃതര്‍ 100-200ല്‍ അധികമോ യാത്രക്കാരുടെ മരണം കണ്ടതിനു ശേഷം പഠിക്കാനായി ഇരിക്കുന്നു. വിവരം ഇല്ലാത്ത കുറച്ച് പേര്‍ ചെയ്യുന്ന തെറ്റ് തിരുത്താന്‍ ആണ് അധികാരികളും ജനപ്രധിനിതികളും ശ്രമിക്കേണ്ടത് ആണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

സോഷ്യല്‍ മീഡിയ മുന്നോട്ടു വെക്കുന്ന പരിഹാരം :

പൊന്നറ ഭാഗത്ത് ഇപ്പോള്‍ ഉള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കി അവിടത്തെ ഓടകള്‍ കൃത്യമായി അടപ്പുകള്‍ ഉപയോഗിച്ച് അടക്കുക.

കാട് പിടിച്ചു കിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കി കൃത്യമായ വെളിച്ചം ലഭിക്കുന്ന ലൈറ്റുകള്‍ അവിടെ സ്ഥാപിക്കുക.

24 മണിക്കൂറും CCTV കൊണ്ടുള്ള നിരീക്ഷണം അവിടെ ഒരുക്കുക.

പൊന്നറയില്‍ ഉള്ള ഇറച്ചി കച്ചവട കടകള്‍ക്ക് കൃത്യമായി മാലിന്യം നിക്ഷേപിക്കാന്‍ ഉള്ള സൗകര്യം കടക്കള്‍ക്ക് മുന്നിലായി തന്നെ നല്‍കുക.

എല്ലാ ദിവസവും നഗരസഭ കൃത്യമായി ഈ മാലിന്യങ്ങള്‍ വൃത്തിയാക്കുക. അവിടെയും CCTV ഉപയോഗിച്ച് കൃത്യമായി നിരീക്ഷിക്കുക.

മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആയി ഒരു ഫോണ്‍ നമ്പര്‍ നല്‍കുക.

ഒരു വിമാനാപകടം നടന്നതിന് ശേഷം ഇതൊക്കെ ചെയ്തിട്ട് കാര്യമില്ല, അങ്ങനെ ഒരു അവസ്ഥ ഇല്ലാതാക്കാന്‍ ആയി അധികൃതരും ജനപ്രതിനിധികളും ഉടന്‍ ഇടപെടണം എന്ന് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എഫ് ബി ഫാന്‍സ് അഭ്യര്‍ത്ഥിക്കുന്നു.

കൊറോണ കാലം ആയതിനാല്‍ ഇപ്പോള്‍ ഇതിനൊന്നും സമയം ഇല്ല എന്ന് പറയുന്നവര്‍ അറിയാന്‍, കൊറോണ കാലത്തും വിമാനങ്ങള്‍ നമ്മുടെ വിമാനത്താവളത്തില്‍ എത്തുന്നുണ്ട്, അനേകം പക്ഷികള്‍ ഈ വിമാനങ്ങളെ ദിവസവും വരവേല്‍ക്കുന്നും ഉണ്ട്, നാളത്തേക്ക് മാറ്റിവെച്ചാല്‍ ചിലപ്പോള്‍ വലിയ വില തന്നെ നമ്മള്‍ അതിന് കൊണ്ടുക്കേണ്ടി വരും എന്ന് ഓര്‍മിപ്പിക്കുന്നു.