പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന്റെ പേരില്‍ പട്ടികജാതിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം

പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന്റെ പേരില്‍ പട്ടികജാതിക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. കള്ളകേസുകളില്‍ കുടുക്കുമെന്ന് മേലുകാവ് പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയശേഷം യുവാവ് വീട്ടില്‍വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പാലാ കടനാട്-വല്ല്യാത്ത് സ്വദേശിയായ പനച്ചികാലായില്‍ രാജേഷ് രാജു എന്ന യുവാവാണു കഴിഞ്ഞ മാര്‍ച്ച് 6-ാം തീയതി വീട്ടില്‍ തൂങ്ങി മരിച്ചത്. രാമപുരം സ്വദേശിയായ ശരത്തുമായി ഉണ്ടായിരുന്ന മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ആവശ്യപ്രകാരം ഇയാള്‍ ഏല്പിച്ച സ്വര്‍ണ്ണമാല കൊല്ലപ്പിള്ളിയിലുള്ള സ്വകാര്യധനകാര്യസ്ഥാപനത്തില്‍ രാജേഷ് പണയം വച്ചിരുന്നു. ശരത് ഉള്‍പ്പെട്ട ക്രിമിനല്‍ കേസില്‍ മൂവാറ്റുപുഴ പോലീസ് രാജേഷിനെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ശരത്തിന്റെ പശ്ചാത്തലം നല്ലതല്ലെന്ന് ബോദ്ധ്യപ്പെട്ട മരണപ്പെട്ട രാജേഷ് ശരത് ഏല്പിച്ച മാല പണയം വച്ചിട്ടുള്ള വിവരം മേലുകാവ് എസ്.ഐ-യെ അറിയിക്കുന്നതിനായി മൂവാറ്റുപുഴ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 19-ാം തീയതി വൈകുന്നേരം പിതാവിനോടൊപ്പം മേലുകാവ് പോലീസ് സ്റ്റേഷനിലെത്തി. സമീപദിവസം നീലൂര്‍ വച്ചുണ്ടായ മാലമോഷണകേസിലെ പ്രതിയെന്ന് ആരോപിച്ച് പിതാവിന്റെ സാന്നിദ്ധ്യത്തില്‍ വച്ചുതന്നെ മേലുകാവ് എസ്.ഐ സന്ദീപ് രാജേഷിനെ മര്‍ദ്ദിക്കുകയും, ലോക്കപ്പിലടയ്ക്കുകയും ചെയ്തു. അസഭ്യവാക്കുകള്‍ വിളിച്ചും, ഭീഷണിപ്പെടുത്തിയും പിതാവിനെ സ്റ്റേഷനില്‍നിന്ന് മേലുകാവ് എസ്.ഐ സന്ദീപ് ഇറക്കി വിട്ടു. പിറ്റേന്ന് കൈവിലങ്ങുവച്ച് വീട്ടിലെത്തിക്കുകയും മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു.

സംഭവം കണ്ട് തളര്‍ന്നുവീണ മാതാവിനെ ചവിട്ടുവാന്‍ മേലുകാവ് എസ്.ഐ സന്ദീപ് കാല്‍ ഓങ്ങുകയും, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലപ്പിള്ളിയിലുള്ള ധനകാര്യസ്ഥാപനത്തില്‍ കൊണ്ടുപോകുകയും പരസ്യമായി കൊല്ലപ്പിള്ളി ടൗണില്‍ക്കൂടി കൈവിലങ്ങുമായി നടത്തിക്കുകയും ചെയ്തു. മാലമോഷണകേസില്‍ അറസ്റ്റ് രേഖപ്പെടുത്താതെ നിയമവിരുദ്ധമായാണ് മേലുകാവ് എസ്.ഐ സന്ദീപ് ഇത്തരത്തിലുള്ള മൂന്നാം മുറകള്‍ പ്രയോഗിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത് 3-ാം ദിവസവും കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് മാതാവ് ഓമന ഈരാറ്റുപേട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പരാതി നല്‍കി. ഈ സാഹചര്യത്തില്‍ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തുകയും 22-ാം തീയതി കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്. മേലുകാവ് എസ്.ഐ സന്ദീപിന്റെ കൊടിയ പീഢനത്തെ സംബന്ധിച്ച് മരണപ്പെട്ട രാജേഷ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

പിന്നീട് രാജേഷിന് ജാമ്യം അനുവദിച്ചു. മേലുകാവ് എസ്.ഐ സന്ദീപിനെതിരെ രാജേഷും മാതാവും നല്‍കിയ പരാതികള്‍ പരിഗണിക്കുന്നതിനായി ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 6-ാം തീയതി കേസ് അവധിക്കു വച്ചിരിക്കെ, കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിരവധി കള്ളകേസുകളില്‍ കുടുക്കുമെന്ന് മേലുകാവ് പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയശേഷം വീട്ടില്‍വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മേലുകാവ് എസ്.ഐ സന്ദീപിനെതിരെ ആത്മഹത്യാക്കുറിപ്പും എഴുതി വച്ചിരുന്നു.

രാജേഷിന്റെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിന് നാട്ടുകാര്‍ സംഘടിച്ച് മൃതദേഹവുമായി മേലുകാവ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മേലുകാവ് എസ്.ഐ സന്ദീപിനെതിരെ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുമെന്നുള്ള പാലാ ഡി.വൈ.എസ്.പിയുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ച് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. രാജേഷിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാല്‍ മേലധികാരികളുടെ ഭാഗത്തുനിന്നും രാജേഷിന്റെ കുടുംബത്തിന് യാതൊരുവിധ നീതിയും ലഭിച്ചില്ല.

തുടര്‍ന്ന് രാജേഷിന്റെ മാതാപിതാക്കള്‍ പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ഉള്‍പ്പെടെയുള്ള മുഴുവന്‍ അധികാരകേന്ദ്രങ്ങള്‍ക്കും പരാതി നല്‍കിയതിനു ശേഷമാണ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. രാജേഷിന്റെ പിതാവിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് മേരി ജോസഫ് നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയില്‍ വച്ചു എന്ന ആരോപണം പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമാണെന്നും ആയതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കോടതി എ.ഡി.ജി.പി ഇന്റലിജന്‍സ് (രഹസ്യാന്വേഷണ വിഭാഗം) വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണമുള്‍പ്പെടെയുള്ള തുടര്‍ അന്വേഷണങ്ങളും നടത്തുന്നതിനും ഹൈക്കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ ബി.എസ് മണ്‍സൂര്‍, വിദ്യാ കുര്യാക്കോസ്, ശ്രീജിത്ത് വി., അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.