ഗോള്‍ വേട്ടയില്‍ മെസ്സിയെയും മറികടന്നു സുനില്‍ ഛേത്രി

രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യന്‍ താരം സുനില്‍ ഛേത്രി. ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ തജക്കിസ്ഥാനെതിരേ നാലാം മിനിറ്റില്‍ നേടിയ ഗോളാണ് നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഛേത്രിയെ മുന്നിലെത്തിച്ചത്. പെനല്‍ട്ടി സ്‌പോട്ടില്‍ നിന്നും പനേങ്ക കിക്കിലൂടെയായിരുന്നു ഛേത്രിയുടെ ഗോള്‍.

108 മത്സരങ്ങളില്‍നിന്ന് 69 ഗോളുകളാണ് ഇന്ത്യന്‍ ടീമിനായി ഛേത്രിയുടെ പേരിലുള്ളത്. 136 മത്സരങ്ങള്‍ കളിച്ച മെസിയുടെ പേരില്‍ 68 ഗോളുകളും. 88 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയാണ് ദേശീയ ടീമിനായുള്ള ഗോള്‍നേട്ടത്തില്‍ മുന്നില്‍.

ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 18-ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തും മെസി 20-ാം സ്ഥാനത്തുമാണ്.

ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത്. 109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്. ഹംഗറിയുടെ ഫ്രാങ്ക് പുഷ്‌കാസ് ആണ് മൂന്നാമത്. ലോകഫുട്‌ബോള്‍ ഇതിഹാസം ബ്രസീലിന്റെ പെലെ പട്ടികയില്‍ എഴാം സ്ഥാനത്താണ്. 77 ഗോളുകളാണ് പെലെ ദേശീയ ടീമിനുവേണ്ടി നേടിയത്.

അതേസമയം മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് താജിക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തു. ഇന്ത്യ ആദ്യ പകുതിയില്‍ അടിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൊണ്ട് മറുപടി പറഞ്ഞാണ് അവര്‍ വിജയിച്ചത്. 56′, 58′, 71′, 74 മിനിട്ടുകളിലായിരുന്നു താജിക്കിസ്ഥാന്‍ ഇന്ത്യന്‍ വല തുളച്ചത്.