കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ നടപടി ; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കെഎസ്യു മുന്‍ സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടന്‍ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയാണ് കാരുണ്യ. അപകടം പറ്റി വീട്ടില്‍ കിടപ്പിലായവര്‍ക്കും, മാരക രോഗം പിടിപെട്ട് കഷ്ടത അനുഭവിക്കുന്നവര്‍ക്കും വളരെ ആശ്വാസം നല്‍കിയിരുന്ന പദ്ധതി നിര്‍ത്തലാക്കിയത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്നും, സര്‍ക്കാര്‍ ഖജനാവില്‍ യാതൊരു നഷ്ടവും വരുത്താതെ കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മുന്നോട്ട് പോയിരുന്ന ഈ പദ്ധതി നിര്‍ത്തലാക്കിയത്തിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. മോഹന്‍ കുമാറിന് നല്‍കിയ പരാതിയില്‍ ഉടന്‍ തന്നെ സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാരുണ്യ പദ്ധതി ആരംഭിച്ചത്. കാരുണ്യ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന തുക ആയിരുന്നു പദ്ധതിക്കായി വിനിയോഗിച്ചിരുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് കാരുണ്യ വഴി ചികിത്സാ സഹായം ലഭിച്ചിരുന്നു.

കാരുണ്യ ചികിത്സാ പദ്ധതി വഴിയുള്ള രജിസ്ട്രേഷന്‍ അവസാനിച്ചതോടെ ആര്‍എസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ സൗജന്യ ചികിത്സയുണ്ടാകില്ല. ഇന്നലെ വരെ അപേക്ഷ നല്‍കിയവര്‍ക്കു മാത്രമാകും കാരുണ്യവഴി ചികിത്സാ സഹായം ലഭിക്കൂവെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രതിവര്‍ഷം 3 ലക്ഷത്തില്‍ താഴെ വരുമാനം ഉള്ള എപിഎല്ലുകാര്‍ക്കുമായിരുന്നു കാരുണ്യ വഴി സഹായം നല്‍കിയിരുന്നത്.