പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്

വീണ്ടും കോടികളുടെ തട്ടിപ്പില്‍ കുടുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറന്‍സിക് ഓഡിറ്റിനെ തുടര്‍ന്ന് ബാങ്കിംഗ് സംവിധാനത്തില്‍നിന്നും ഫണ്ട് വഴിതിരിച്ചുവിട്ടതായി കണ്ടെത്തുകയും സിബിഐ എഫഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പിഎന്‍ബി പ്രസ്താവനയില്‍ പറഞ്ഞു. ബാങ്ക് രേഖകളില്‍ കൃത്രിമം കാട്ടിയാണ് വന്‍തുക നേടിയെടുത്തത്. ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലെ കണ്ടത്തെലുകളുടെയും കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ സിബിഐ സ്വമേധയാ കേസെടുത്ത ശേഷം സമര്‍പ്പിച്ച എഫ്‌ഐആറിന്റെയും അടിസ്ഥാനത്തില്‍ ഇക്കാര്യം പിഎന്‍ബി റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളില്‍ ഒന്നാണ് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍. ഇന്ത്യയുടെ പുതിയ പാപ്പര്‍ നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫര്‍ ചെയ്ത ആദ്യത്തെ 12 കമ്പനികളില്‍ ഒന്നാണിത്.