കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ അറിയാന്‍
എന്റെ മകന്/ മകള്‍ക്ക് രണ്ടു വയസു പോലും ആയില്ല എന്നാലും മൊബൈല്‍ ഫോണിലെ എല്ലാ സെറ്റപ്പും അവനു അറിയാം... നമ്മുടെ നാട്ടിലെ മിക്ക മാതാപിതാക്കളും നാലാള് കൂടുന്ന ഇടത്ത് വലിയ ഗമയോടെ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ആണ് ഇത്. അവരിത് പറയുന്ന സമയം മൊബൈലില്‍ കളിച്ചുകൊണ്ടു അവരുടെ കുഞ്ഞും തല കുമ്പിട്ടു അടുത്തു ഉണ്ടാകും. എന്നാല്‍ എന്ത് ഭീകരമായ അവസ്ഥയിലേക്കാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ പോകുന്നത് എന്ന് അവര്‍ക്ക് അറിയില്ല എന്നതാണ് സത്യം.
വീഡിയോ ഗെയിമുകള്‍ അല്ലെങ്കില്‍ ടി വിയിലെ കാര്‍ട്ടൂണ്‍ പരമ്പരകള്‍ ഇവയെക്കാള്‍ വലുതും ഭീകരവുമാണ് കുട്ടികളില്‍ കൂടിവരുന്ന ‘മൊബൈല്‍ അഡിക്ഷ’നെന്ന് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വര്ഷം 2018 ജൂണില്‍ ലോകാരോഗ്യ സംഘടന ഇറക്കിയ ‘ഇന്‍ര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ്’ (ഐസിഡി) 11ാം റിവിഷനില്‍ അഡിക്ഷനുകളോടൊപ്പം പുതിയ ഒരു രോഗം കൂടി സ്ഥാനം പിടിച്ചിരുന്നു. ‘ഗെയിംമിംഗ് ഡിസോര്‍ഡര്‍’ എന്നാണ് അവര്‍ അതിനു നല്‍കിയ പേര്. എന്നാല്‍ ചികിത്സ ആവശ്യമായ അസുഖങ്ങളില്‍ ഇതുള്‍പ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ നീക്കം വിവാദമായിരുന്നു.
ഗെയിമിംഗിനേക്കാള്‍ അഡിക്ഷന്‍ സൃഷ്ടിക്കുന്ന മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളെ ഉള്‍പ്പെടുത്താത്തതിലായിരുന്നു ആക്ഷേപം. മുഖ്യമായും കുട്ടികളില്‍ കണ്ടു വരുന്ന മൊബൈല്‍ ഭ്രാന്ത് തന്നെ. നിയന്ത്രണമില്ലാത്ത ഗെയിമിംഗും അമിത മൊബൈല്‍ ഉപയോഗവും ചികിത്സിക്കപ്പെടേണ്ടത് തന്നെയാണ് എന്നാണ് ഇവരുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
അമിത ഫോണ്‍ ഉപയോഗത്തിന് ഏറ്റവും പെട്ടെന്ന് അടിമകളാകുന്നത് 16 വയസിന് താഴെ ഉള്ള കുട്ടികളാണ്. ഇപ്പോള്‍ തന്നെ പബ്ജി പോലുള്ള നവയുഗ ഗെയിമുകള്‍ ഏറ്റവും കൂടുതല്‍ കളിക്കുന്നത് ഈ പ്രായത്തിനു താഴെയുള്ള കുട്ടികളാണ്. ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകര്‍ക്കുന്ന രീതിയില്‍ ഫോണ്‍ ഉപയോഗം കൂടിയാല്‍ അത് രോഗാവസ്ഥ ആയി കാണണമെന്നു തന്നെയാണ് ഡോക്ക്ട്ടര്‍മാര്‍ പറയുന്നത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഡോ.പീറ്റര്‍ വൈബ്രോ മൊബൈല്‍ ലഹരിയെ വിശേഷിപ്പിച്ചത് ‘ഇലക്ട്രോണിക് കൊക്കെയ്ന്‍’ എന്നാണ്. ചൈനീസ് ഗവേഷകര്‍ ഇതിനെ ‘ഡിജിറ്റല്‍ ഹെറോയിന്‍/ഡിജിറ്റല്‍ ഡ്രഗ്’ എന്ന് വിളിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഫോണ്‍ അഡിക്ഷനുമായി ബന്ധപ്പെട്ട് ചികിത്സ തേടി വരുന്നവരുടെ എണ്ണം ഏറിവരുന്നതായാണ് ക്ലിനിക്കല്‍ സൈക്കോളിസ്റ്റുകള്‍ പറയുന്നത്.മൊബൈല്‍ ഉപയോഗം കുട്ടികളില്‍ അസാധാരണമായി കാണുകയാണെങ്കില്‍ അതായത് ജീവിതക്രമത്തില്‍ മാറ്റം കാണുകയാണെങ്കില്‍ കുട്ടി അഡിക്ട് ആവുകയാണെന്ന് ഉറപ്പിക്കാം. മറ്റ് ലഹരികള്‍ ചികിത്സിക്കുന്നതിലും ബുദ്ധിമുട്ടാണ് മൊബൈല്‍ അഡിക്ഷന്‍ ചികിത്സിക്കാന്‍.
ജനിക്കുന്നതിനും 16ാം വയസിനും ഇടയിലാണ് കുട്ടികളില്‍ തലച്ചോറിന്റെ വികാസമുണ്ടാവുന്നത്. അതിന് മുമ്പുള്ള മൊബൈല്‍ ഉപയോഗം ബുദ്ധി വികാസത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഫോണ്‍ ഉപയോഗം കുറച്ച് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃക കാണിക്കുക, കൂടാതെ ഫോണ്‍ 2-3 മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസത്തില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയും ചെയ്യുക. ‘ഫോണ്‍ ഫാസ്റ്റിംഗ്’ എന്നാണ് ഇതിനെ വിളിക്കുന്നത്.
അതല്ല നാട്ടുകാരുടെ മുന്നില്‍ വീമ്പു പറയാന്‍ കുഞ്ഞിന്റെ കയ്യില്‍ മൊബൈലും കൊടുത്തു ഒരു സ്ഥലത്തു ഇരുത്തിയാല്‍ നിങ്ങള്‍ മനപ്പൂര്‍വ്വം അവരുടെ ഭാവി നശിപ്പിക്കുന്നു എന്ന് കൂടി തിരിച്ചറിയുക. മൊബൈലിനു വേണ്ടി കുട്ടികള്‍ പിടിവാശി കാണിച്ചാല്‍ അവരെ ശാന്തരാക്കാന്‍ വേറെ മാര്‍ഗ്ഗം തേടുക. ഇപ്പോള്‍ പല വീടുകളിലും കാണുന്ന ഒന്നാണ് കുഞ്ഞിനെ അടക്കി ഒരിടത്തു ഇരുത്തുവാന്‍ വേണ്ടി മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പോലുള്ള എന്തെങ്കിലും കാണിച്ചു കൊടുക്കുക.
ദിവസത്തില്‍ ഭൂരിഭാഗം സമയവും ഇതുപോലെ മൊബൈല്‍ നോക്കി ഇരിക്കുന്ന കുഞ്ഞുങ്ങളിലാണ് സംസാരിക്കുന്നതില്‍ പ്രശ്‌നം ഉണ്ടാകുന്നത്. അവരോടു ആരും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തത് കാരണം അവര്‍ തങ്ങളുടെ മൊബൈല്‍ ലോകത് ഒതുങ്ങി കൂടുന്നു. അതുപോലെ കണ്ണിനും ശരീര വളര്‍ച്ചയ്ക്കും ഏറെ ദോഷമാണ് അധികമായ ഈ മൊബൈല്‍ ഉപയോഗം. പഠനത്തെയും ഇവ നല്ലത് പോലെ ബാധിക്കും. അതുകൊണ്ടു ഇനി നിങ്ങളുടെ കുട്ടി ഫോണിന് വേണ്ടി വാശി പിടിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഉറപ്പിച്ചു പ്രതികരിക്കുക.









