സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയിലും എസ്.ബി.ഐയില്‍ നിന്ന് 76,600 കോടിരൂപയുടെ കിട്ടാക്കടം എഴുതി തള്ളി ബി.ജെ.പി സര്‍ക്കാര്‍

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് ഉഴലുന്ന സമയത്തും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 76,600 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെടുകയും കര്‍ഷകരെ ജയിലിയടക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് വായ്പാ തിരിച്ചടിവില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

കര്‍ഷകരെ ജയിലില്‍ അടക്കുന്നു. ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. പി.എം.സി ബാങ്കിലെ നിക്ഷേപകര്‍ നിലവിളിക്കുന്നു. 76000 കോടി രൂപ എഴുതി തള്ളി ആര്‍ക്ക് വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിക്കുന്നത്. ആരാണ് ഈ പണം എടുക്കുന്നത്?’ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

2019 മാര്‍ച്ചില്‍ 500 കോടി രൂപയും അതിലധികവും വായ്പയെടുത്ത 33 പേര്‍ വീഴ്ച്ച വരുത്തിയ 37700 കോടി രൂപ എസ്.ബി.ഐ കിട്ടാകടമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 കോടി രൂപ വീതം വായ്പയെടുത്ത് വീഴ്ച്ച വരുത്തിയ 220 കുടിശികക്കാരുടെ 76,600 കോടി കിട്ടാക്കടം എഴുതിതള്ളിയിരിക്കുകയാണ്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം 500 കോടിയോ അതിലധികമോ കടമെടുത്തവര്‍ വീഴ്ചവരുത്തിയ 67,600 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്. സമാനമായി തന്നെ മാര്‍ച്ച് 31 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) 94 വായ്പക്കാരുടെ 100 കോടി രൂപ വീതമുള്ള കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.