സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകന്‍ ; സമരവുമായി വിദ്യാര്‍ത്ഥികള്‍
സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംസ്‌കൃത വിദ്യ ധര്‍മ്മ വിജ്ഞാന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് സമര0 ചെയ്യുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഫിറോസ് ഖാനെയാണ് സംസ്‌കൃതം അധ്യാപകനായി നിയമിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാകേഷ് ഭട്നാഗറുടെ ഓഫീസിനു മുന്നിലാണ് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സ്തോത്ര ആലാപനവും യജ്ഞവും ഒക്കെ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കി പുതിയ അധ്യാപകനെ വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധമെന്നും പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.
എന്നാല്‍, ഫിറോസ് ഖാന്‍ അനുയോജ്യനായ വ്യക്തിയാണെന്നും എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തെ നിയമിച്ചതെന്നുമാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതിയ അധ്യാപകനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടു.