പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണാഘടനാപരമായ കാര്യങ്ങള്‍ മാത്രമേ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണാഘടനാ വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നിയമത്തിന്റെ സാധുത ലഭിക്കാവുന്ന എല്ലാ അവസരങ്ങളിലും കേരളം ചോദ്യം ചെയ്യും. കലാപ കലുഷിതമായ അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലീം സഹോദരങ്ങളുണ്ട്. പാകിസ്താനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരത്വമാണ് എന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് മതരാഷ്ട്രമായ പാകിസ്ഥാന്‍ അല്ല വേണ്ടത്; മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാന്‍ താല്‍പര്യം എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങള്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍.എസ്.എസിന്റേത്.

വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാര്‍വദേശീയ ഖ്യാതി. അത് തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.