പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ് ; കൂടുതല്‍ സിപിഐഎം നേതാക്കള്‍ കുടുങ്ങാന്‍ സാധ്യത

പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് പണം ലഭിച്ചിട്ടുള്ളതായി അന്വേഷണ സംഘം. പണം കൈമാറിയത് പ്രാദേശിക സിപിഐഎം നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി.

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത കേസില്‍ സിപിഐഎം നേതാവ് എം എം അന്‍വറിനെ കൂടാതെ കൂടുതല്‍ സിപിഐഎം നേതാക്കള്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. അന്‍വറിനെ കൂടാതേ മറ്റ് രണ്ട് സിപിഐഎം നേതാക്കളുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേയ്ക്കും പണം എത്തിയിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ കളക്ട്രേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദിന്റെ സഹായത്തോടേ കൂടുതല്‍ തിരിമറികള്‍ നടന്നതായും അന്വേഷണ സംഘത്തിന് കണ്ടത്താന്‍ കഴിഞ്ഞു.

വിഷ്ണു പ്രസാദിന് കലക്ട്രേറ്റിന് അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പ്രളയ ഫണ്ട് വിതരണം ഓഡിറ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനിടെ ക്രൈം ബ്രാഞ്ച് സംഘം വിഷ്ണു പ്രസാദിനെ കാക്കനാടുള്ള വീട്ടില്‍ എത്തിച്ച് പരിശോധന നടത്തി.

പ്രളയ ഫണ്ട് തട്ടിപ്പിനുപയോഗിച്ച ലാപ്ടോപ്പും കമ്പ്യൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രളയ നഷ്ടപരിഹാരം ലഭിക്കാത്തത് കാരണം ഗ്രഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ അനുവദിച്ച നഷ്ട്ടപ്പരിഹാരം കള്ളം കാണിച്ചു പാര്‍ട്ടിക്കാര്‍ തന്നെ തട്ടിയെടുത്തത് എന്ന വാര്‍ത്തയും വന്നിരിക്കുന്നത്.