സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; രോഗമുക്തി നേടി 8 പേര്‍

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 8 പേരില്‍ ആറു പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 5 പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഇതില്‍ കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂര്‍ എറണാകുളം ജില്ലകളില്‍ ഒരോ ആളുകള്‍ വീതവുമാണ് ഉള്ളത്. 8 പേര്‍ ഇന്ന് രോഗമുക്തി നേടി.

രോഗബാധിതരില്‍ 3 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ് എന്നീ മൂന്ന് ജില്ലകളില്‍ ഉള്ളവരാണ് ഇവര്‍. ഇവര്‍ നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ഒരാള്‍ നാഗ്പൂരില്‍ നിന്ന് എത്തിയ ആളാണ്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഒരുലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരില്‍ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 50 പേരുടെ രോഗം ഭേദമായി.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 1995 റാപ്പിഡ് ടെസ്റ്റ് നടത്തി. 1875 പേരുടെ ഫലം നെഗറ്റീവ് ആണ്. 343 പേരുടെ ഫലം വരാനുണ്ട്. പോത്തന്‍കോട്, ഐ.എം.ജി മാര്‍ ഇവാനിയസ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് നടന്നത്.