സ്പ്രിങ്ലര്‍ വിവാദത്തില്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

രോഗികളുടെ വിശദാംശങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ലറിന് കൈമാറിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതുസംബന്ധിച്ച് മറുപടി പറയുന്നില്ലെന്നും ഐ.ടി വകുപ്പിനോടാണ് ഇതിന്റെ വിശദാംശങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിങ്ലര്‍ സൈറ്റിനു പകരം സര്‍ക്കാര്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന, കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ പോകുന്നത് സ്പ്രിങ്ക്ലര്‍ സൈറ്റിലേക്കു തന്നെയാണെന്ന് സൈറ്റിന്റെ ഡി.എന്‍.എസ് പരിശോധനയില്‍ വ്യക്തമാകുന്നുവെന്നാണ് ആരോപണം.

സ്പിംഗ്‌ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.ടി സെക്രട്ടറിയെ മാറ്റി നിര്ത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.