ഓര്‍മ്മിപ്പിക്കുകയാണ് സ്‌നേഹപൂര്‍വ്വം -3 (ഇന്ത്യയുടെ കോവിഡ് സാമ്പത്തിക പാക്കേജ്-കൂടെ ചില കാര്യങ്ങളും)

പാപ്പച്ചന്‍ പുന്നയ്ക്കല്‍, വിയന്ന

കോവിഡ് ലോക സമ്പത്ഘടനയെ പ്രതികൂലമായി ബാധിച്ചു. സാധാരണ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. മഹാമാരി വ്യാപിച്ച മിക്ക രാജ്യങ്ങളും സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പൗരന്മാര്‍ക്കായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയും 20 ലക്ഷം കോടിയുടെ പുനരുദ്ധാരണ പാക്കേജ് അറിയിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാം അഞ്ചു ദിവസം നീണ്ടുനിന്ന പാക്കേജ് പ്രഖ്യാപനത്തെ വാര്‍ത്തസമ്മേളനത്തിലൂടെ വിവരിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും സാധാരണ ജനങ്ങളും നീട്ടിപ്പിടിച്ച കപ്പുമായി ഈ അഞ്ചു ദിവസങ്ങള്‍ കാത്തുനിന്നു. ഒടുവില്‍ കൈ വേദനിച്ചതല്ലാതെ അതില്‍ ഒന്നും വീണില്ല. അവസാനം ഇന്ത്യയുടെ കോവിഡ് പാക്കേജ് പാര്‍ലമെന്റിനു പുറത്ത് ബജറ്റ് അവതരണം പോലെ തീര്‍ന്നു. സൂര്യനുതാഴെ ഇന്ത്യന്‍ അതിരുകള്‍ക്ക് അകത്തുള്ള എല്ലാം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. അതേസമയം, ഏതാണെന്നു വെളിപ്പെടുത്തിയില്ലെങ്കില്‍ കൂടി, തന്ത്രപ്രധാനമേഖലയില്‍ ഒന്നുമുതല്‍ മാക്‌സിമം നാലുവരെ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ നിലനിറുത്തുവാന്‍ കരുണയുണ്ടായി.

പ്രഖ്യാപിച്ച പാക്കേജില്‍ സാധാരണ ജീവിതം വഴിമുട്ടിയ, ജീവിതമാര്‍ഗ്ഗം ഇല്ലാതായ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നും കണ്ടില്ല. പാക്കേജിന്റെ പേരില്‍ വിത്തെടുത്ത് വിറ്റുതീര്‍ക്കുകയാണെന്നു ഒരുപക്ഷം. അതല്ല വിത്തെടുത്ത് വിളവിറുക്കുകയാണെന്നു മറ്റൊരു പക്ഷം. എന്തായാലും 20നു പകരം 21 ലക്ഷം കോടിയുടെ കണക്കിന്റെ കളികള്‍ ധനകാര്യമന്ത്രി നിരത്തി.

പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പാസാക്കിയ കോവിഡ് പാക്കേജിന്റെ കൂടെ എളുപ്പം നടപ്പിലാക്കാവുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്. എല്ലാം സ്വകാര്യ മേഖലയില്‍ ആക്കുന്ന സ്ഥിതിയ്ക്ക് ഇവ നടപ്പിലാക്കിയില്ലെങ്കില്‍ ഭാരതത്തിന്റെ ഭാവി ഇരുളില്‍ ആഴ്ന്നുപോകും.

പെന്‍ഷന്‍
എല്ലാ മേഖലയിലും നിര്‍ബന്ധിത ഓഹരിവിഹിത പെന്‍ഷന്‍ നടപ്പിലാക്കണം ഓഹരിവിഹിത പെന്‍ഷനില്‍ പങ്കാളി ആകാത്ത ഒരു തൊഴിലാളിയോ തൊഴിലുടമയോ ഉണ്ടാകാന്‍ പാടില്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും, വിട്ടമ്മയ്ക്കും, കര്‍ഷകനും തുടങ്ങി പ്രധാനമന്ത്രിയ്ക്കുവരെ പങ്കാളിത്ത പെന്‍ഷന്‍ ഉണ്ടായിരിക്കണം. കയ്യില്‍നിന്നും ഒന്നും മുടക്കാതെ 20 -25 കൊല്ലം ജോലിചെയ്തിട്ടു 30 -35 കൊല്ലം പെന്‍ഷന്‍ വാങ്ങുന്നതും കൊടുക്കുന്നതും ശരിയല്ല. സംസ്ഥാനത്ത് മാത്രം ഉള്ള സ്ഥാപനങ്ങള്‍ക്കു സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ കീഴില്‍ ഒരു പെന്‍ഷന്‍ ഫണ്ടും അല്ലാത്തവര്‍ക്കു കേന്ദ്രധനകാര്യ വകുപ്പിന്റെ കീഴില്‍ ഒരു പെന്‍ഷന്‍ ഫണ്ടും രൂപീകരിക്കാം. ആവശ്യഘട്ടത്തില്‍ ആ ഫണ്ട് സര്‍ക്കാരുകള്‍ക്ക് ഉപയോടപ്പെടുത്തുകയും ചെയ്യാം.

ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ്
പെന്‍ഷന്‍ പോലെ തന്നെ രാജ്യത്ത് എല്ലാവര്‍ക്കും പങ്കാളിത്ത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമാക്കണം. നിശ്ചിത വിഹിതം വീതം തൊഴിലാളികളുടെ പക്കല്‍ നിന്നും തൊഴില്‍ ഉടമയുടെ പക്ഷത്ത് നിന്നും ഈടാക്കണം. ഇതുവഴി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യസംരക്ഷണം സാധ്യമാകും. വിദേശത്ത് ചികിത്സ വേണ്ടവര്‍ സ്വന്തം പോക്കറ്റില്‍ നിന്നും എടുത്ത് നടത്തുകയെന്ന രീതിയും അവലംബിക്കുക. ഒരു ഇന്ത്യന്‍ പൗരന് ആരോഗ്യസംവിധാനത്തിനു മുന്നില്‍ യാചകനെപോലെ നില്‍ക്കാനുള്ള സ്ഥിതി ഇനിയുണ്ടാകരുത്. അത് അവന്റെ കൂടി മുതല്‍ മുടക്കുള്ള അവകാശമായി രൂപപ്പെടണം.

വേതനവ്യവസ്ഥകള്‍
വളരെ കൃത്യമായ ശമ്പള ക്രമം നമുക്ക് നിലവിലുണ്ട്. അത് കൃത്യമായി പരിഷ്‌കരിക്കാത്തതാണ് ഇന്നുള്ള പരാതികള്‍ക്കും, സമരങ്ങള്‍ക്കും കാരണം. ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ (5%-7%)പണപ്പെരുപ്പം കൂടിയാല്‍, യാന്ത്രികമായി അത് വേതനത്തില്‍ പ്രതിഫലിക്കുന്ന രീതി നടപ്പിലാക്കണം.

സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ ശമ്പള സ്‌കെയില്‍ പോലെ രാജ്യത്തെ എല്ലാ രാഷ്ട്രീയ തൊഴിലാളികള്‍ക്കും, (ശമ്പളം വാങ്ങിക്കുന്നവര്‍ തൊഴിലാളി ആണ്. അവരെ സേവകര്‍ എന്ന് വിളിക്കുന്നത് ശരിയല്ല), പഞ്ചായത്ത് അംഗം മുതല്‍ പ്രധാനമന്ത്രി വരെ ശമ്പള സ്‌കെയില്‍ ഉണ്ടായിരിക്കണം. അവരുടെ ശമ്പളവും ഇന്‍ഡക്‌സ് അനുസരിച്ചു മാത്രമേ കൂട്ടാന്‍ പാടുള്ളൂ. ഏതു ഉദ്യോഗസ്ഥനോ, ജനപ്രതിനിധിയോ ആയിക്കോട്ടെ അനുബന്ധ സൗകര്യങ്ങളായ വീട്, വാഹനം, ഫോണ്‍ ഇവയില്‍ മാത്രമായി നിയന്ത്രിക്കണം

ഒരു പൗരനും ജീവിത സായാഹ്നത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരിന്റെ മുമ്പില്‍ സഹായനിധിയ്ക്കും, ക്ഷേമപെന്‍ഷനും ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേട് ഉണ്ടാകരുത്. പൗരന്മാരും കൂടി മുതല്‍മുടക്കുന്ന പെന്‍ഷന്‍ സ്‌കീം ഉണ്ടാകേണ്ട കാലം അതിക്രമിച്ചു.

കോവിഡ് പാക്കേജിന്റെ മറവിൽ കൂടി ഇതുപോലെയുള്ള പദ്ധതികള്‍ കൂടെ പൗരന്മാര്‍ക്ക് നല്‍കിയാല്‍, അതിനുള്ള തീരുമാനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അടുത്ത മൂന്ന് ടേം ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം സാധാരണ ജനങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയത്തിന് പ്രസക്തിയില്ല.