ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് ട്രംപ്

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ജൂലൈ 29 ബുധനാഴ്ച വൈറ്റ് ഹൗസിന് പുറത്തു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ് അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ടിക് ടോക്ക് വിഷയത്തില്‍ ആലോചനയിലാണ്. ഉടന്‍ അതിലൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്സാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍.

ടിക് ടോക്ക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണ്. തീരുമാനം അതിന് ശേഷം അറിയിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂക്കിന്‍ പറഞ്ഞു.

അമേരിക്കയില്‍ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്. രാജ്യത്ത് പൂര്‍ണ്ണമായി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.