ഇതാണ് എന്റെ കേരളാ മോഡല്‍ ; ലോകത്തിനു മുന്‍പില്‍ മലയാളികളുടെ ഐക്യത്തെ പുകഴ്ത്തി ശശി തരൂര്‍

ശക്തമായ മഴയെയും കോവിഡിനെയും വകവെക്കാതെ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ എത്തിയ നാട്ടുകാരെ പ്രശംസിച്ചു ശശി തരൂര്‍ എംപി. കേരളീയര്‍ പ്രവര്‍ത്തന നിരതരാണ്, പ്രളയത്തിലും മഹാമാരിയിലും ഇപ്പോള്‍ വിമാനദുരന്തത്തിലും മലയാളി പ്രകടിപ്പിക്കുന്ന ഉത്സാഹവും ഐക്യമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ഒരപകടം ഉണ്ടായപ്പോള്‍ മതമോ ജാതിയോ വര്‍ഗമോ പരിഗണിക്കാതെ അവര്‍ അവിടേയ്ക്ക് ഓടിപ്പാഞ്ഞെത്തി. ഇതാണെന്റെ കേരള മോഡല്‍!’, എന്നായിരുന്നു ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വന്‍ അപകടം നടന്നിട്ടും മരണസംഖ്യ ഉയരാതെ പിടിച്ചു നിര്‍ത്താന്‍ കാരണമായത് പ്രദേശിവാസികളുടെ അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമായിരുന്നു എന്നും തരൂര്‍ പറയുന്നു. പൊലീസിനെയും രക്ഷാ പ്രവര്‍ത്തന സേനയെയും കാത്തു നില്‍ക്കാതെ പ്രദേശവാസികള്‍ തന്നെ അവരുടെ വാഹനങ്ങളില്‍ കഴിയുന്നത്ര പേരെയും ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു. ഇതാണ് ദുരന്തത്തിന്റെ തീവ്രത കുറയാനും നിരവധി പേരെ രക്ഷിക്കാനും ഇടയാക്കിയത്. പോസ്റ്റിനു വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.