അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ചരിത്രത്തില്‍ നിന്നുള്ള പാഠം

പി പി ചെറിയാന്‍

ഒരു പൊതു തിരഞ്ഞെടുപ്പിന് അമേരിക്കന്‍ ജനത തയാറെടുക്കുന്നു. നവംബര് മൂന്നിന് പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്ന വോട്ടര്‍മാര്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേത്ര്വത്വത്തിലുള്ള നിലവിലുള്ള ഗവര്‌മെന്റിനെയാണോ അതോ ജോ ബൈഡന്റെ നേത്ര്വത്വത്തിലുള്ള ഗവര്‌മെന്റിനെയാണോ അധികാരത്തില്‍ അവരോധിക്കുകയ്യെന്നു നിശ്ചയമില്ല. ഇന്നത്തെ സാഹചര്യത്തില്‍, സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന അത്രയും ശുഭകരമല്ല. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ റോമന്‍ സാമ്രാജ്യത്തിന് സംഭവിച്ചത് പോലെയുള്ള അധോഗതി അമേരിക്കന്‍ ഐക്യ സംസ്ഥാനങ്ങള്‍ക്കും വന്നുഭവിക്കുമോ എന്ന ആശങ്ക വര്‍ദ്ധിച്ചു വരുന്നു.

എഡ്വേഡ് ഗിബ്ബണ്‍ ‘റോമാസാമ്രാജ്യത്തിന്റെ അധോഗതിയും വീഴ്ചയും’ എന്ന തന്റെ മഹാ സാഹിത്യകൃതിയില്‍ സുവര്‍ണ കാലഘട്ടത്തില്‍ റോമിന്റെഅധംപതനത്തിനു അടിസ്ഥാനകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതു പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ്.
1. കുടുംബബന്ധങ്ങളുടെയും മനസിന്റെ വിശുദ്ധിയുടേയും അടിത്തറ തകര്‍ക്കപ്പെട്ടിരിക്കുന്നതു
2. നികുതികള്‍ വര്‍ധിപ്പിച്ചു പൊതു ഖജനാവില്‍ നിന്ന് പണം എടുത്തു രാഷ്ട്ര നേതാക്കന്മാരും ഉദ്യോഗസ്ഥവൃന്ദവും ധൂര്‍ത്തടിച്ചതു 3. മാനസിക ഉല്ലാസത്തിനും സന്തോഷങ്ങള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചില്‍, തല്‍ഫലമായി കായികാഭ്യാസങ്ങളില്‍ ക്രൂരമായവയില്‍ പോലും ആവേശം വര്‍ധിച്ചത്,
4. രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ശത്രു ജനങ്ങളുടെ സാമൂഹികവും ആത്മീയവുമായ അധോഗതി ആയിരിക്കെ അതിനു പരിഹാരം കണ്ടെത്താതെ അഭൂതപൂര്‍വ്വമാം വിധം സൈനികശക്തി കെട്ടിപ്പടുത്തത്
5. മതവിശ്വാസങ്ങള്‍ ജീര്‍ണിച്ച വെറും ആചാരങ്ങള്‍ മാത്രമായി തീര്‍ന്നത്..അന്ന് റോമന്‍ സാമ്രാജ്യത്തെ അധംപതനത്തിലേക്കു നയിച്ച ആ സാഹചര്യം. ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുമായി എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ. മുകളില്‍ ചൂണ്ടിക്കാണിച്ച വിഷയത്തില്‍ ഊന്നി ചില സത്യങ്ങള്‍ ചൂണ്ടികാണിക്കട്ടെ.

അമേരിക്കയുടെ ചരിത്രത്തിന്റെ ആരംഭം മുതല്‍ തന്നെ സ്ഥാപക പിതാക്കന്മാര്‍ ദൈവാനുഗ്രഹത്തിനും ദൈവീക സംരക്ഷണത്തിനും ഏറ്റവും മുന്തിയ സ്ഥാനമാണ് നല്‍ക്കിയിരുന്നത്. രാഷ്ട്രത്തിന്റെ ഭാഗധേയം ദൈവകരങ്ങളില്‍ ആണെന്നുള്ളത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തന്റെ നാമം അപമാനിക്കപ്പെടുന്നതും, നന്മ തിന്മകളെ സംബന്ധിച്ച് താന്‍ കല്പിച്ചിരിക്കുന്ന അതിര്‍ വരമ്പുകള്‍ അവഹേളിക്കപെടുന്നതും തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതുമായ സംഭവങ്ങള്‍ സര്‍വ സാധാരണമായിരിക്കുന്നു. തല്‍ഫലമായി റോമാസാമ്രാജ്യത്തിന്റെ ശക്തി ഊറ്റിയെടുത്തു കളഞ്ഞ അതേ കാര്യങ്ങള്‍ തന്നെ രാഷ്ട്രത്തിന്റെ ശക്തിയും സാവകാശത്തില്‍ ചോര്‍ത്തി കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്.

അമേരിക്കന്‍ ഐക്യ നാടുകളിലെ അഥവാ മറ്റേതെങ്കിലും രാജ്യത്തെ പൗരന്‍മാര്‍ക്ക് അവരുടെ രാഷ്ട്രത്തെ അധോഗതിയില്‍ നിന്നും രക്ഷിക്കുന്നതിന് എന്തു ചെയ്യുവാന്‍ കഴിയുമെന്നു തീരുമാനമെടുക്കേണ്ട സമയമാണ് സമാഗതമായിരിക്കുന്നത്. അതിനുള്ള അവസരമാണ് പൊതു തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. പൂര്‍വ പിതാക്കന്മാര്‍ ആരില്‍ ആശ്രയം വെച്ചിരുന്നുവോ അവങ്കലേക്ക് കൂടിതല്‍ അടുത്ത് വരുന്നതിന് അനുകൂലിക്കുകയോ, പിന്തുണ നല്‍കുകയോ ചെയ്യണ്ട ഭരണ നേത്ര്വത്വം അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു. മാത്രമല്ല ഇതിനൊക്കെ കാരണഭൂതനായ, ഇതിനൊക്കെയും നിയന്ത്രിക്കുന്ന ക്രിസ്തുവിനെ കുറിച്ചും ദൈവവിശ്വസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യം വരുത്തേണ്ട ഉത്തരവാദിത്വം കൂടെ ഇവിടെയുള്ളവര്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു, ഇതിനൊക്കെ ഉപരിയായി നാം തന്നെ സത്യത്തിനും നീതിക്കും വേണ്ടി നിലനില്‍ക്കുകയും നേരോടും നീതിയോടും ഭരിക്കാന്‍ നമ്മുടെ നേതാക്കന്മാരെ ആഹ്വാനം ചെയ്യുകയും വേണം. യഹോവ ദൈവമല്ലാത്ത യാതൊരു രാഷ്ട്രത്തിനോ ഭരണകൂടത്തിനോ അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. അതാണ് ചരിത്രത്തില്‍ നിന്നുള്ള പാഠം വ്യക്തമാകുന്നതും.