പാലത്തായി പീഡന കേസ് : പ്രതിക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവിനെതിരെയയിരുന്നു കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചത്.

ജൂലൈ 16നാണ് പ്രതിക്ക് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ കീഴ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

കുട്ടി പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് കൗണ്‍ സിംലിംഗില്‍ ബോധ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതും പരിഗണിച്ചാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്. പോക്‌സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കുറ്റപത്രത്തില്‍ പോലീസ് വരുത്തിയ വീഴ്ച്ചയാണ് പ്രതിക്ക് സഹായകമായത്. ആദ്യം മുതല്‍ക്ക് തന്നെ പ്രതിയെ സംരക്ഷിക്കാന്‍ ആണ് പോലീസ് ശ്രമിച്ചത്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത് തന്നെ.