അലനും താഹയ്ക്കും ജാമ്യം ; ജാമ്യം അനുവദിച്ചത് എന്‍ഐഎ കോടതി
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ജാമ്യം. കടുത്ത ഉപാധികളോടെയാണ് ജാമ്യം. ഇരുവരും സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ കോടതിയുടെ ഉത്തരവ്. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.
വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരേയും 2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവരുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം കേരളാ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ യുഎപിഎ ചുമത്തിയതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാര്‍ട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.






