പുതിയ താരങ്ങള്‍ ഡേറ്റ് നല്‍കുന്നില്ല ; എല്ലാവര്‍ക്കും മുഖ്യം സ്വന്തം പ്രൊഡക്ഷന്‍ എന്ന് നിര്‍മാതാവ്

നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ് ആണ് സിനിമയില്‍ തൊഴില്‍ വിവേചനമെന്ന് തുറന്നു പറഞ്ഞത്. മലയാള സിനിമ കുറച്ചു പേരിലേക്ക് ഒതുങ്ങുന്നുവെന്നാണ് നിര്‍മാതാവും സംവിധായകനുമായ അനില്‍ തോമസിന്റെ പ്രതികരണം. പ്രൊഡ്യൂസേഴ്സിന് പുതിയ താരങ്ങളുടെ ഡേറ്റ് ലഭിക്കുന്നില്ല. നേരിട്ട് ചര്‍ച്ചയ്ക്ക് പോലും സമീപിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അനില്‍ തോമസ് പറഞ്ഞു.

പുതുമുഖ താരങ്ങള്‍ സ്വന്തം പ്രൊഡക്ഷനിലാണ് സിനിമ നിര്‍മിക്കുന്നത്. തൊഴിലില്ലാതെ നിരവധി പേര്‍ പുറത്തു നില്‍ക്കുകയാണ്. ഒരേ സമയം രണ്ട് സിനിമ എന്ന നിര്‍ദേശം നടപ്പാക്കണമെന്നും ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റും സംവിധായകനും കൂടിയായ അനില്‍ തോമസ് പറഞ്ഞു. ചില നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ഒരേ സമയം പല ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി പേര്‍ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. സിനിമ തിരിച്ചു വരവിന് ഒരുങ്ങുമ്പോള്‍ എഎംഎംഎയും ഫെഫ്കയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കാന്‍ ഇടപെടണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വരും യോഗങ്ങളില്‍ വിഷയം ഉന്നയിക്കുമെന്നും അനില്‍ തോമസ് പറഞ്ഞു.