ഒളിവില്‍ പോയ ഭാഗ്യലക്ഷ്മിയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ് ; അറസ്റ്റ് ചെയ്യരുതെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശം
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കേരളാപോലീസ് സംരക്ഷിക്കുന്നു എന്ന് സൂചന . പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്ഉന്നതതല നിര്‍ദേശം ലഭിച്ചു. സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് പ്രതികളുടെ അറസ്റ്റ് ഒഴിവാക്കിയതെന്നാണ് സൂചന.
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ നടപടിയെ മന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ പരസ്യമായി പിന്തുണച്ചിരുന്നു. ഇപ്പോള്‍ ഭാഗ്യലക്ഷ്മിയെ അറസ്റ്റ് ചെയ്താല്‍ തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ തമ്പാനൂര്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പ്രതികളുടെ സുഹ്യത്തുക്കളുടെയടക്കം വീടുകളില്‍ പോലീസ് വിവരശേഖരണവും നടത്തി. മൂന്നു പേരും എവിടെയുണ്ടെന്ന കൃത്യമായ വിവരം പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ് വേണ്ടെന്ന നിര്‍ദേശം മുകളില്‍ നിന്നെത്തിയത്.
രണ്ടുദിവസം അവധിയായതിനാല്‍ അറസ്റ്റ് ഉണ്ടായാല്‍ പ്രതികള്‍ റിമാന്‍ഡിലാകും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അറസ്റ്റ് തടയാന്‍ തീരുമാനമായത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.









