സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല എന്ന് മുഖ്യമന്ത്രി
സ്വപ്നയെ നിയമിച്ചത് തനിക്ക് അറിവില്ല എന്ന വാദം ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് താന്‍ അറിഞ്ഞില്ലെന്ന നിലപാട് ആണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. സ്വപ്നയുടെ നിയമനം അറിഞ്ഞിരുന്നില്ലെന്നും വിവാദങ്ങള്‍ ഉണ്ടായ ശേഷമാണ് നിയമനം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നയുടെ മൊഴി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘വിവരങ്ങള്‍ പുറത്തുവന്നശേഷമാണ് ഞാന്‍ അറിയുന്നത്. അത്തരം നിയമനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിനുശേഷമാണ് ഞാന്‍ അറിഞ്ഞതെന്നു നേരത്തെ തന്നെ വ്യക്തമാക്കിയതാണ്’- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ അറിയാമെന്ന സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യത്തിന് മൊഴി വ്യക്തമാണെന്നും തന്നെ അറിയുമെന്ന് ഉറപ്പിച്ച് പറയുകയല്ല സ്വപ്ന ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയോട് പറയും എന്ന് സ്വപ്നയോട് ശിവശങ്കര്‍ പറഞ്ഞിരിന്നെന്നാണ് പറഞ്ഞിരിക്കുന്നത്. ആ ഭാഗം കാണാതിരിക്കരുത്. അത് സ്വപ്ന വിശ്വസിച്ചുകാണും. ഞാന്‍ അറിഞ്ഞ കാര്യമല്ല’- മുഖ്യമന്ത്രി പറഞ്ഞു. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച് ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനായി 5 ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ നിയമിച്ചിരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു അധ്യക്ഷന്‍. അവരുടെ ശുപാര്‍ശ 2020 ഓഗസ്റ്റ് 5നു ചേര്‍ന്ന മന്ത്രിസഭ പരിഗണിച്ചു. മന്ത്രിസഭ ഈ വിഷയത്തില്‍ ഉപസമിതിയെ നിയോഗിച്ചു. സ്പ്രിംഗ്ലര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ തീയതിയെ കുറിച്ച് അറിയില്ല.







