കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണമെന്ത്: കാഴ്ചപ്പാട്

സി.വി എബ്രഹാം

ബീഹാറിലേയും, മറ്റിടങ്ങളില്‍ നടന്ന ഇടക്കാലതിരഞ്ഞെടുപ്പുകളുടെയും ഫലം പുറത്തു വന്നപ്പോള്‍, രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ എങ്ങനെ കാണുന്നു, ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത എത്ര മാത്രം എന്നൊരു വിലയിരുത്തല്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരില്‍ നിന്നും ഉണ്ടാവുന്നത് ഉചിതമായിരിക്കും. ആഴത്തിലുള്ള ആത്മ പരിശോധനയും, ഒരു സാധാരണ ഇന്ത്യക്കാരന്‍ എങ്ങനെ ചിന്തിക്കുന്നു എന്ന തിരിച്ചറിവും അനിവാര്യമായിരിക്കുന്നു.

പാര്‍ട്ടി നയങ്ങളിലും നിലപാടുകളിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ പതനത്തില്‍ നിന്നും കര കയറി, ഒരു ദേശീയ കക്ഷിയെന്ന പഴയ പ്രതാപത്തിലേക്കുയര്‍ന്ന്, B J P ക്കൊരു ബദല്‍ ശക്തിയായി കോണ്‍ഗ്രസ്സ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്.

BJP യെ മറിച്ചിട്ട് കോണ്‍ഗ്രസ്സ് ഭരണത്തിലേറുകയെന്നതിലേറെ പ്രതിപക്ഷത്തിരിക്കാന്‍ ആളില്ലാതെയുള്ള B J P യുടെ ഈ ജൈത്രയാത്ര ഒരു ജനാധിപത്യ വ്യവസ്ഥിതിയ്ക്കു ചേര്‍ന്നതല്ല എന്ന വസ്തുതയാണ് ഈ കുറിപ്പിന്നാധാരം.

സ്വാര്‍ത്ഥമതികളായ നേതാക്കളുടെ കൈയില്‍ എത്തിപ്പെട്ടാല്‍ രാജ്യം ഒരു പക്ഷെ ഏകാധിപത്യത്തിലേക്കു തന്നെ വഴുതി വീണേക്കാം. അതിനു തടയിടാനും ഭരണ വീഴ്ചകള്‍ തുറന്നു കാട്ടുവാനും ശക്തമായ ഒരു പ്രതിപക്ഷം കൂടിയേ തീരൂ.

കഴിഞ്ഞ കാല പ്രഭാവത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ടു മാറാത്ത തു കൊണ്ടാവണം, കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത്, ബിജെപി ക്കെതിരായി, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച്, അതിന്റെ നേതൃസ്ഥാനത്തിരുന്ന് ഭരണത്തിലേറാമെന്നാണ്.

അങ്ങനെയൊരു പ്രതിപക്ഷ കൂട്ടായ്മ ഉണ്ടായാല്‍ പോലും കോണ്‍ഗ്രസ്സ് ആവില്ല അതിന്റെ നേതൃസ്ഥാനത്തെത്തുക, അംഗബലം കൂടുതലുള്ള മറ്റേതങ്കിലും പ്രാദേശിക പാര്‍ട്ടിയുടെ നേതാക്കളായിരിക്കും. സ്ഥാനമോഹികളായ ഈ പ്രാദേശിക പാര്‍ട്ടികളെ കൂട്ടി, ഒരുമിച്ചു നല്‍ക്കുന്ന ഒരു പ്രതിപക്ഷ കൂട്ടായ്മ വാര്‍ത്തെടുക്കാമെന്ന തോന്നലും അതിമോഹം മാത്രം. രാജ്യ താല്പര്യത്തെ മുന്‍നിര്‍ത്തി ചിന്തിക്കാത്ത, കുറെ പ്രാദേശക കക്ഷികള്‍ ചേര്‍ന്നു രാജ്യം ഭരിച്ചാലുണ്ടാവുന്ന അപകട സ്ഥിയെയും ലഘൂകരിച്ചു കാണരുത്.

ആഭികാമ്യമായത്, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ സ്വീകാര്യമാക്കിയെടുക്കുകയെന്നതാണ്. കേരളമൊഴിച്ചു മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ദേശീയ ചിന്ത തികച്ചും വ്യത്യസ്തമാണ്. ഈ വ്യത്യസ്തമായ കാഴ്ചപ്പാടുതന്നെയാണ് വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറയിളക്കുന്നതും.

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും, ലഡാക്കിനും കാശ്മീരിനും പ്രത്യേക ഭരണ സംവിധാനങ്ങളേര്‍പ്പെടുത്തിയതും കോണ്‍ഗ്രസ്സ് നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു; അവര്‍ കൂടെയുണ്ടെന്നു കണ്ടപ്പോള്‍ രാജ്യമെമ്പാടുമുള്ള മുസ്ലിം ജനതയില്‍ നല്ലൊരു വിഭാഗവും തീരുമാനത്തെ എതിര്‍ത്തു രംഗത്തു വന്നു. വിദേശ രാജ്യങ്ങളില്‍ വരെ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ ഒരു കൂട്ടര്‍ മുന്നിട്ടിറങ്ങി. എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ ഇതിനെ എങ്ങനെ കണ്ടിരുന്നു എന്നു മനസ്സിലാക്കാന്‍ അവര്‍ മിനക്കെട്ടില്ല.

സ്വാതന്ത്ര്യാനന്തരം നടന്ന രണ്ടു യുദ്ധങ്ങളിലും ദിവസേനയുള്ള ഭീകരുടെ ആക്രമണത്തിലും പെട്ടു മരണപ്പെട്ട, ഒരു പട്ടാളക്കാരനെങ്കിലുമില്ലാത്ത കുടുംബങ്ങള്‍ വടക്കേ ഇന്ത്യയില്‍ കുറവായിരിക്കും. സാധാരണ ഗതിയില്‍ ഒരു തവണയെങ്കിലും അതിര്‍ത്തിയില്‍ സേവനമനുഷ്ടിച്ചിട്ടുള്ള പട്ടാളക്കാരനെയും, മക്കളെയോ ബന്ധുക്കളെയോ നഷ്ടപ്പെട്ട കുടുംബങ്ങളെയും സംബന്ധിച്ചിടത്തോളം, ഈയൊരു തീരുമാനം അവര്‍ ആഗ്രഹിച്ചതായിരുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരില്‍ സ്ഥലം വാങ്ങാന്‍ അനുവാദമില്ലാഞ്ഞതും, കാശ്മീരി ഹിന്ദുക്കളെ അവിടെ നിന്നും ആട്ടിയോടിച്ചിട്ട്, തീവ്ര വാദികള്‍ക്ക് താവളമൊരുക്കികൊടുത്തുകൊണ്ട് രാജ്യത്തിനെതിരായി വിധ്വംസകപ്രവര്‍ത്തനം നടത്തുന്ന വരെ സംരക്ഷിക്കുന്ന സാഹചര്യം അവിടെ നിലനില്‍ക്കുന്നതും ഒരു സാധാരണക്കാരനു മനസ്സിലാവാത്തതായിരുന്നു. രാജ്യത്തിന്റെ പണവും പട്ടാളക്കാരന്റെ ജീവനും നഷ്ടപ്പെടുത്തി ഇങ്ങനെയൊരു പ്രത്യേക പദവി ഇനി കാശ്മീരിനു നല്‍കേണ്ടതില്ലെന്ന ചിന്ത മിക്കവാറും എല്ലാ ഇന്ത്യഅക്കാരിലുമുണ്ടായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിലെ, `പേരിലൊഴിച്ച്`ഒരു ഇന്ത്യന്‍ പൗരനെ യാതൊരു രീതിയിലും ബാധിക്കാതിരുന്ന ഈ നിയമ ഭേദഗതിക്കെതിരെ ന്യൂന പക്ഷങ്ങളെ പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാക്കളെടുത്ത നിലപാടുകള്‍, ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. N R C ക്കെതിരെ കൊടി പിടിച്ചു സമരം ചെയ്തവര്‍, കോവിഡ് കാലത്ത്, അതിഥി തൊഴിലാളികളുടെ പ്രശ്‌നം രൂക്ഷമായപ്പോളും, ബംഗാളാദേശില്‍ നിന്നു വരെയുള്ളവര്‍ അതിഥി തെഴിലാളികളുടെ കുപ്പായമിട്ട് കുറ്റ കൃത്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലുമേര്‍പ്പെട്ടപ്പോളും രാജ്യത്തെ എല്ലാ പൌരന്മാരും പേരു രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയിരിക്കുന്നു.

ഈ രണ്ടു സാഹചര്യങ്ങളിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിലപാടുകള്‍ ദേശീയതാല്പര്യങ്ങള്‍ക്കെതിരായിരുന്നെന്നു ജനങ്ങള്‍ വിലയിരുത്തി; അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സിലെ പല നേതാക്കളും അഭിപ്രായ ഭിന്നത തുറന്നു പറയുകയും ചിലര്‍ പാര്‍ട്ടി വിട്ടു പുറത്തു പോവുകയും ചെയ്തു. അടുത്തതായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം നോട്ടു നിരോധനമാണ്.

തീരുമാനം നടപ്പാക്കിയ രീതിയെ ന്യായീകരിക്കാനില്ല, എന്നാല്‍ അതു കൊണ്ട് കള്ളപ്പണത്തെ ഒരു പരിധി വരെ തടയാനും, നികുതി വരുമാനം പതിന്മടങ്ങു വര്‍ധിപ്പിക്കാനും സാധ്യമായത് കണ്ടില്ലെന്നു വയ്ക്കാനാവില്ല. വരുമാന സ്രോതസ് കാണിക്കണമെന്ന നിബന്ധന കര്‍ശനമായതോടെ റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ഊതിപ്പെരുപ്പിച്ച വിലക്കയറ്റം കുമിളകള്‍ പോലെ പൊട്ടി. ഇതിനെതിരെ ഇപ്പോളും പ്രതികരിച്ചുകൊണ്ടിരിക്കുന്നവരില്‍ അധികവും കോണ്‍ഗ്രസ്സ് നേതാക്കളും മലയാളികളും മാത്രമായിരിക്കും. വടക്കേ ഇന്ത്യക്കാര്‍ ഇതൊക്കെ മറന്നു ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നു.

മത നിരപേക്ഷത എന്നതിനര്‍ത്ഥം ന്യൂനപക്ഷ മതങ്ങള്‍ക്ക് വിദ്യാഭാസത്തിനും ജോലിക്കും സംവരണമേര്‍പ്പെടുത്തുകയെന്നല്ല, വിശ്വാസത്തിന്റെ പേരില്‍ വിവേചനമുണ്ടാവരുതെന്നാണ്. അധികാരത്തിലെത്താനും അതു നില നിര്‍ത്താനും വേണ്ടിയുള്ള ന്യൂനപക്ഷ പ്രീണന നയങ്ങള്‍ ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വിശ്വാസം പൈതൃകമായിരിക്കെ, ഭൂരിപക്ഷവിശ്വാസികള്‍ക്കെതിരെ സംവരണമേര്‍പ്പെടുത്തുന്നതു യുക്തിസഹനമോ?

കോണ്‍ഗ്രസ്സിന്റെ ഇപ്പോളത്തെ നയങ്ങളില്‍ മാറ്റം വരുത്താതെ മറ്റു കക്ഷികളെ കൂട്ടി B J P ക്കെതിരെ ഒന്നിക്കാമെന്ന തീരുമാനം ആത്മഹത്യാപാരാമെന്നേ പറയൂ. മഹാ സഖ്യത്തിന്റെ കൂടെ കൂടിയതു കൊണ്ട് ഇടതു പാര്‍ട്ടികള്‍ അവിടെ സാന്നിധ്യമുറപ്പിച്ചു, കോണ്‍ഗ്രസ്സിനു കാലിടറി!

മറ്റിടങ്ങളിലും ഇതൊക്കെത്തന്നെയാവും സംഭവിക്കുക. പ്രഖ്യാപിതമായ നയങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് അടിത്തറ കെട്ടിപ്പടുക്കാതെ പാര്‍ട്ടി വളര്‍ത്താമെന്നു വിചാരിച്ചാല്‍ അതു വെറും വ്യാമോഹമായിരിക്കും.