ഇലക്ഷന്‍ വിജയത്തിന് പിന്നാലെ ബിഹാറില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി എന്‍ ഡി എയില്‍ തര്‍ക്കം

ബിഹാര്‍ : വകുപ്പ് വിഭജനത്തെ ചൊല്ലി ബീഹാറില്‍ എന്‍ഡിഎയില്‍ തര്‍ക്കം. ഉപമുഖ്യമന്ത്രി പദവി ആര്‍ക്കെന്ന കാര്യത്തില്‍ ബിജെപിയിലും തീരുമാനമായില്ല. നാളെ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പങ്കെടുക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നല്‍കി ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കാനാണ് ബിജെപി ശ്രമം. എന്നാല്‍ ആഭ്യന്തരം, ധനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും സ്പീക്കര്‍ പദവിയുമാണ് ബി ജെ പി ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രി പദവും ധന വകുപ്പും സുശീല്‍ മോദിക്ക് നല്‍കാന്‍ നീക്കം നടന്നെങ്കിലും നിലവില്‍ കാമേശ്വര്‍ ചൌപാലിന്റെ പേരാണ് ആലോചനയില്‍. കാമേശ്വര്‍ അയോധ്യ വിഷയത്തിലടക്കം സജീവമായിരുന്നതിനാല്‍ പ്രധാനമന്ത്രിക്കും താല്പര്യമുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി പദത്തിനൊപ്പം സുപ്രധാന വകുപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ സുഗമമായ ഭരണം സാധ്യമാകില്ലെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. എച്ച്എഎം മന്ത്രിപദം ആവശ്യപ്പെടാത്തത് ജിതന്‍ റാം മാഞ്ചിക്ക് ബിജെപി ഗവര്‍ണര്‍ പദം വാഗ്ദാനം ചെയ്തതിനാലാണ് എന്നാണ് വിവരം. നാളെ 12.30ന് പട്‌നയില്‍ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. എന്‍.ഡി.എ സഭാ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. ഭയ്യാ ദൂജ് ദിവസമായ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.