ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു

ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു. ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ വിസ്ട്രണ്‍ കോര്‍പറേഷന്റെ ബംഗളൂരു യൂണിറ്റില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ശമ്പളം വൈകിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വ്യാപകമായ അക്രമത്തിലേക്ക് വഴിവെച്ചത്. ശനിയാഴ്ച രാവിലെ പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ അഗ്‌നിക്കിരയാക്കി.

മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധര്‍ണ നടത്തിയിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കമ്പനി പ്രേരിപ്പിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ഈ ജീവനക്കാര്‍ക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 7-8 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി സമയത്തിന് ശമ്പളം ലഭിക്കുന്നില്ല എന്നൊക്കെയാണ് ജീവനക്കാരുടെ ആരോപണങ്ങള്‍. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്.സംഭവത്തില്‍ 80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.