ബീഫ് ഇല്ലാതെ ബുദ്ധിമുട്ടി ഗോവ ; പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ രംഗത്തു

ഗോവയില്‍ ബീഫിന് ക്ഷാമം. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ അടുത്തതോടെയാണ് സംസ്ഥാനത്തു ബീഫ് ക്ഷാമം ഉണ്ടായത്. വന്‍തോതില്‍ ബീഫ് ആവശ്യമായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു സ്ഥിതി ഉണ്ടായിരിക്കുന്നത്.BJP ഭരിക്കുന്ന ഗോവയില്‍ ഗോവധം നിരോധിച്ചിരിയ്ക്കുന്നതിനാല്‍ ബീഫിനായി കര്‍ണാടകയെ ആയിരുന്നു സംസ്ഥാനം ആശ്രയിച്ചിരുന്നത്. എന്നാല്‍, കര്‍ണാടകയിലെ ബിജെപി സര്‍ക്കാറും ഗോവധം നിരോധിച്ചതോടെ ഗോവയിലേക്കുള്ള (Goa) ബീഫ് വരവിന് ഇടിവ് നേരിട്ടു. ഇതോടെയാണ് ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്.

അതേസമയം, സംസ്ഥാനത്ത് ബീഫിന് ക്ഷാമം നേരിട്ടതോടെ പ്രശ്‌നത്തില്‍ ഇടപെട്ടിരിയ്ക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് . ഗോവയിലെ beef ദൗര്‍ലഭ്യത്തിന് ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷ വേളകളില്‍ വന്‍തോതില്‍ ബീഫ് ആവശ്യമായ സാഹചര്യത്തിലാണ് ഗോവയില്‍ ബീഫിന് ക്ഷാമം നേരിടുന്നത്. ഇതോടെയാണ് ആവശ്യമായ അളവില്‍ ബീഫ് എത്തിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടുന്നത്.

ഉത്സവകാലത്തിന് മുന്നോടിയായി തന്നെ ബീഫ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉചിതമായ നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്ന് അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാരത്തിന് ഏറെ പ്രാധാന്യമുള്ള ഗോവയിലെ ജനങ്ങളിലധികവും ബീഫ് ഉപയോഗിക്കുന്നവരാണ്. പുതുവത്സര വേളകളില്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഗോവയില്‍ എത്തുന്നത്.

അതേസമയം ബീഫ് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഗോവ സര്‍ക്കാരിന് കീഴിലെ അറവുശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് NCP നേതാവും എംഎല്‍എയുമായ ചര്‍ച്ചില്‍ അലിമാവോ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗോവ മീറ്റ് കോംപ്ലക്സ് ലിമിറ്റഡ് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. പ്രതിദിനം 200 മൃഗങ്ങളെ വരെ കശാപ്പ് ചെയ്യാന്‍ സൗകര്യമുള്ള ഈ അറവുശാല തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാണ് എന്‍സിപി എംഎല്‍എയുടെ ആവശ്യം.