രാജ്യത്തു സിനിമാ തിയറ്ററുകളിലെ നിയന്ത്രണങ്ങളില്‍ മാറ്റം ; മുഴുവന്‍ സീറ്റുകളിലും ആളാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍

നാളെ മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃക പ്രവര്‍ത്തന ചട്ടം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്നാണ് പുറത്തിറക്കിയത്.

നാളെ മുതല്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും നൂറു ശതമാനം ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ജനുവരി 27ലെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ പ്രവര്‍ത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായും പാലിക്കണം. തിയറ്ററുകള്‍ക്ക് ഉള്ളിലെ സ്റ്റാളുകളില്‍ നിന്നും കാണികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്.

എന്നാല്‍, കണ്ടെയ്മെന്റ് സോണുകളില്‍ തിയറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മാസ്‌ക് ധരിക്കല്‍, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് ആറടി അകലം പാലിക്കല്‍, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം. എന്‍ട്രി, എക്സിറ്റ് മേഖലകളില്‍ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള ഉണ്ടാകണം. മള്‍ട്ടിപ്ലക്സുകളില്‍ വിവിധ തിയേറ്ററുകള്‍ തമ്മിലും പ്രദര്‍ശന സമയത്തില്‍ വ്യത്യാസമുണ്ടാകണം.

ടിക്കറ്റ്, ഭക്ഷണ പാനീയങ്ങള്‍ എന്നിവയ്ക്ക് പരമാവധി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ടിക്കറ്റ് വില്‍ക്കുന്നതിന് ആവശ്യമായ എണ്ണം കൗണ്ടറുകള്‍, ദിവസം മുഴുവന്‍ തുറക്കണം. തിരക്ക് ഒഴിവാക്കുന്നതിന് അഡ്വാന്‍സ് ബുക്കിങ്ങും അനുവദിക്കണം. ഓരോ പ്രദര്‍ശനത്തിന് ശേഷവും സിനിമാ ഹാള്‍ സാനിറ്റൈസ് ചെയ്യണം. പൊതു ഉപയോഗ പ്രദേശങ്ങള്‍, വാതില്‍പ്പിടികള്‍, റെയിലിങ്ങുകള്‍ എന്നിങ്ങനെ സമ്പര്‍ക്കമുണ്ടാകുന്ന ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസ് ചെയ്യണം.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളെപ്പറ്റി, സിനിമാ തിയറ്ററുകള്‍ക്ക് സമീപം പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് പോസ്റ്ററുകള്‍, പ്രദര്‍ശനങ്ങള്‍, അനൗണ്‍സ്മെന്റ് എന്നിവ ഏതെങ്കിലും സംഘടിപ്പിക്കാനും പുതിയ പ്രവര്‍ത്തന ചട്ടത്തില്‍ പറയുന്നു. അതേസമയം കേരളത്തിലെ തിയറ്ററുകളില്‍ എല്ലാ സീറ്റിലും പ്രേക്ഷകരെ അനുവദിക്കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.