രാജ്യത്തു എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്ക് ; രോഗികള്‍ കുറയാതെ കേരളവും മഹാരാഷ്ട്രയും

രാജ്യത്ത് ആശ്വാസം ഉയര്‍ത്തി കോവിഡ് കണക്കുകള്‍ കുത്തനെ കുറയുമ്പോഴും രോഗവ്യാപനത്തില്‍ കുറവില്ലാതെ കേരളവും മഹാരാഷ്ട്രയും. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8,635 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.ദേശീയതലത്തില്‍ ആശ്വാസിക്കാന്‍ വകയുണ്ടെങ്കിലും കേരളവും മഹാരാഷ്ട്രയും നിലവില്‍ ആശങ്കയായി നില്‍ക്കുന്നുണ്ട്. പ്രതിദിനക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് നിലവിലെ കോവിഡ് കേസുകളില്‍ 70%വും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തില്‍. കോവിഡ് പോരാട്ടത്തില്‍ തുടക്കത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളമാണ് നിലവില്‍ കോവിഡ് രോഗികളുടെ പ്രതിദിനകണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 3459 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ 3760 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ മുമ്പത്തെ അപേക്ഷിച്ച് രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ആശങ്കയുടെ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1948 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ 51,109 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് സാഹചര്യത്തില്‍ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചിരിക്കുകയാണ്. കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,07,66,245 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,48,406 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,63,353 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.ആക്ടീവ് രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്താണുള്ളത്. കുറഞ്ഞ മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കുമാണ് രാജ്യത്തിന് ആശ്വാസം പകരുന്ന മറ്റൊരു കാര്യം. കഴിഞ്ഞ ഒറ്റദിവസത്തിനിടെ ആകെ 94 മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ 1,54,486 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

കോവിഡ് വാക്‌സിന്‍ വിതരണവും രാജ്യത്ത് വ്യാപകമായി തന്നെ നടക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണ ഉദ്യമങ്ങളിലൊന്നാണ് രാജ്യത്ത് നടക്കുന്നത്. ആദ്യഘട്ടത്തില്‍ കോവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 39,50,156 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുവരെ ഇരുപത് കോടിയോളം സാമ്പിള്‍ പരിശോധനകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 659422 സാമ്പിളുകളാണ് പരിശോധിച്ചത്.