കൂട്ടുകാരോടൊപ്പം കറങ്ങി നടക്കാന്‍ വിവാഹമോചനം തേടി യുവതി; ‘അനുസരണയുള്ള ഭാര്യ’യായി മടങ്ങിപ്പോകണമെന്ന് കോടതി
കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടക്കുന്നതില്‍ കുടുംബം തടസം ആയതിനെ തുടര്‍ന്ന് വിവാഹമോചനം വേണമെന്ന യുവതിയുടെ അപേക്ഷ കോടതി തള്ളി. ഷാര്‍ജ ശരീഅത്ത് കോടതിയാണ് സ്വദേശിയായ സ്ത്രീയുടെ വിവാഹമോചന കേസ് തള്ളിയത്. കൂട്ടുകാരുമൊത്ത് സ്വതന്ത്രയായി സഞ്ചരിക്കണമെന്നും ധാരാളം യാത്രകള്‍ ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചാണ് നാല്‍പ്പത് പിന്നിട്ട സ്ത്രീ 25 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ നിന്നും മോചനം തേടി കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസ് തള്ളിയ കോടതി അനുസരണയുള്ള ഭാര്യയായി മടങ്ങിപ്പോകാന്‍ ഉത്തരവിടുകയായിരുന്നു. ഭര്‍ത്താവിനോടും കുടുംബത്തോടും ബഹുമാനം കാട്ടണമെന്നും കോടതി ഇവരോട് നിര്‍ദേശിച്ചു. ഇതിനൊപ്പം ഇവര്‍ക്ക് മാസം ചിലവുകള്‍ക്കായി ഭര്‍ത്താവ് നല്‍കി വന്നിരുന്ന 25000 ദിര്‍ഹം (അഞ്ചുലക്ഷത്തോളം രൂപ) ആറായിരം ദിര്‍ഹം ആയി കുറയ്ക്കണമെന്ന നിര്‍ദേശവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
കോടതി രേഖകള്‍ അനുസരിച്ച് സ്ത്രീയാണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. സ്വതന്ത്രയാകണം, കൂട്ടുകാര്‍ക്കൊത്ത് കഴിയണം, യാത്രകള്‍ പോകണം എന്നിവയായിരുന്നു കാരണങ്ങള്‍. എന്നാല്‍ ഭാര്യയെ വളരെയധികം സ്‌നേഹിക്കുന്നയാളാണ് തന്റെ കക്ഷിയെന്നാണ് സ്ത്രീയുടെ ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഒരു വലിയ വില്ലയിലാണ് കുടുംബം താമസിക്കുന്നത്. കുടുംബകാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയാണ് അദ്ദേഹം നോക്കി നടത്തുന്നത്. ഭാര്യയ്ക്ക് പ്രതിമാസം ചിലവുകള്‍ക്കായി 25000 ദിര്‍ഹം നല്‍കി വരുന്നുണ്ട് ഒപ്പം ഒരു ലക്ഷ്വറി കാറും സമ്മാനമായി നല്‍കിയിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പക്ഷെ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഭാര്യ കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. ‘അയാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ല, വിവാഹമോചനം വേണം’ എന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ തയ്യാറല്ലെന്ന് ഭര്‍ത്താവും കോടതിയെ അറിയിച്ചു. ‘താനറിയാതെ ഭാര്യ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകാറുണ്ടായിരുന്നു എന്നാല്‍ അറിഞ്ഞിട്ടും അതിലൊന്നും എതിര്‍പ്പ് അറിയിച്ചിട്ടില്ല കാരണം ഭാര്യയെ അത്രക്ക് ഇഷ്ടമാണ്. എങ്കിലും ഭാര്യ തന്നെ ബഹുമാനിക്കുന്നില്ല’ എന്നായിരുന്നു ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി യുവതിയുടെ വിവാഹമോചന അപേക്ഷ തള്ളുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലേക്ക് അനുസരണയുള്ള ഭാര്യയായി മടങ്ങിപ്പോകാനും കോടതി നിര്‍ദേശിച്ചു.









