ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 22 ആയി
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം 22 ആയി. ഏറ്റുമുട്ടലില്‍ 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി.രാജ്യത്തു അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണ് ഇത്.







