പരസ്യ പ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം ; കേരളം മറ്റന്നാള്‍ ബൂത്തിലേക്ക്

2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു.
നാളെ നിശബ്ദ പ്രചാരണം . കേരളം മറ്റന്നാള്‍ ബൂത്തിലേക്ക്. കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു മണ്ഡലത്തില്‍ത്തന്നെ നിരവധി സ്ഥലങ്ങളിലായാണ് മുന്നണികള്‍ പരസ്യ പ്രചാരണം അവസാനിച്ചത്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ഇനി ഒരു ദിനം നിശബ്ദ പ്രചാരണം. ശേഷം, ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്.

പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജന പങ്കാളിത്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മണ്ഡലമായ ധര്‍മ്മടത്താണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി കോഴിക്കോടും നേമത്തും റോഡ് ഷോയില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റാലിയിലും വലിയ ജനപിന്തുണ ലഭിച്ചു.

ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു. ഹരിശ്രീ അശോകനും, ഇന്ദ്രന്‍സും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയില്‍ പങ്കാളികളായത്. പെരളശേരി ക്ഷേത്രം മുതല്‍ മൂന്നാംപാലം വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ റോഡ്ഷോ. ഇത്തരത്തില്‍ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയില്‍ സമാപിച്ചു.

രാഹുല്‍ ഗാന്ധി കോഴിക്കോടും നേമത്തും റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോയില്‍ ബിജെപിയേയും സംസ്ഥാന സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ‘പ്രധാനമന്ത്രി എപ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. എന്തുകൊണ്ട് ഇടതുപക്ഷ മുക്ത ഭാരതം എന്ന് പറയുന്നില്ല ? എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ അഴിമതി അന്വേഷിക്കാത്തത് ? എന്തുകൊണ്ടാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരാന്‍ ബിജെപി പരിശ്രമിക്കുന്നത് ?’- രാഹുല്‍ ഗാന്ധി ചോദിച്ചു. ഈ നാട്ടിലെ കോണ്‍ഗ്രസും ഐക്യ ജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കെതിരെ നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത്.

എന്‍ഡിഎയ്ക്കായി എവസാന ലാപ്പില്‍ ആവേശം പകരാന്‍ കേരളത്തിലെത്തിയത് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമനായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് എന്‍ഡിഎയുടെ റോഡ്ഷോയ്ക്ക് തുടക്കം കുറിച്ചത്.