കുംഭ മേള അവസാനിപ്പിക്കുന്നു

കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യ പുരോഹിതരില്‍ ഒരാളായ സ്വാമി അവ്‌ദേശാനന്ദ ഗിരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുംഭമേള ചുരുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിമഞ്ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ജുന അഖാഡ കുംഭമേളയില്‍ നിന്ന് പിന്മാറുകയാണെന്നാണ് സ്വാമി അവ്‌ദേശാനന്ദ അറിയിച്ചത്. ഏപ്രില്‍ 1നാണ് കുംഭമേള തുടങ്ങിയത്. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ മാസ്‌കും സാമൂഹ്യ അകലവുമൊന്നുമില്ലാതെ കുംഭമേള നടത്തുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കി. ഏപ്രില്‍ 30നാണ് ചടങ്ങുകള്‍ അവസാനിക്കേണ്ടിയിരുന്നത്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം കുംഭമേള അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.