ഫേസ്ബുക്കും ട്വിറ്ററും അക്കൗണ്ട് തുറന്നുകൊടുത്തില്ല ; പഴയ വഴി തിരഞ്ഞെടുത്തു ഡൊണാള്‍ഡ് ട്രംപ്
തനിക്ക് പണി തന്ന ഫേസ്ബുക്കിനും ട്വിറ്ററിനും മറുപടിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പഴയ വേഡ്പ്രസ് ബ്ലോഗ് തന്നെയാണ് പുതിയ ആശയവിനിമയ മാര്‍ഗമായി ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്. അനുയായികള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങളും സന്ദേശങ്ങളും കൈമാറാനായാണ് ഇത്തരമൊരു സംവിധാനത്തിന് ട്രംപ് തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ പ്ലാറ്റ്ഫോം പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ പോസ്റ്റാണ് ബ്ലോഗില്‍ ഏറ്റവും പുതിയതായി പങ്കുവച്ചിട്ടുള്ളത്. ‘ഡൊണാള്‍ഡ് ട്രംപിന്റെ ഡെസ്‌കില്‍നിന്ന്, സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാനുള്ള ഒരു ഇടം’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ട്വിറ്ററിന്റെ രൂപത്തിലാണ് പുതിയ ‘സമൂഹമാധ്യമ’മെങ്കിലും ട്രംപിന്റെ നിലവിലുള്ള www.donaldjtrump.com എന്ന വെബ്സൈറ്റിന്റെ ഭാഗമായി തന്നെ ഒരു മൈക്രോബ്ലോഗിങ് സംവിധാനം ഒരുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
അതേസമയം ‘സമൂഹമാധ്യമ’മാണെങ്കിലും കമന്റ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ ഒന്നുമുള്ള സൗകര്യമില്ല. സൈന്‍ ചെയ്താല്‍ ഇ-മെയില്‍, ഫോണ്‍ മുഖേന പുതിയ പോസ്റ്റുകളെ കുറിച്ചുള്ള സന്ദേശം ലഭിക്കും. ട്രംപിന്റെ മുന്‍ കാംപയിന്‍ മാനേജര്‍ ബ്രാഡ് പാഴ്സ്‌കേല്‍ സ്ഥാപിച്ച ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള കമ്പനിയായ ‘കാംപയിന്‍ നൂക്ലിയസ് ‘ ആണ് ട്രംപിന് പുതിയ സമൂഹമാധ്യമം തയാറാക്കിയത്. പ്രസിഡന്റ് ഫലപ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ജനുവരി ആറിനു നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിനു പിറകെയാണ് സമൂഹമാധ്യമങ്ങള്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ പൂട്ടുന്നത്. വിലക്ക് സമൂഹമാധ്യമങ്ങള്‍ പുനപരിശോധിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം.








