നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു
ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും ഇന്ത്യയിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറും ആയ ദിലീപ് കുമാര്‍ ( 98 ) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1922 സിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാന്‍ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സില്‍ മുഹമ്മദ് മുംബൈയിലെത്തി.
നാല്‍പതുകളില്‍ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പില്‍ ക്യാന്റീന്‍ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ്. 1944-ല്‍ ദേവികാ റാണി നിര്‍മ്മിച്ച ‘ജ്വാര്‍ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഭഗവതി ചരണ്‍ വര്‍മയാണ് മുഹമ്മദ് യൂസഫ്ഖാന്റെ പേര് ദിലീപ് കുമാര്‍ എന്നാക്കിയത്. ‘ദീദാര്‍’, ‘അമര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔര്‍ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി.
‘ഗംഗാജമുന’ എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാതാവായി അദ്ദേഹം. ‘കലിംഗ’ എന്ന ചിത്രത്തിലൂടെ സംവിധായകനായെങ്കിലും ചിത്രം റിലീസായില്ല. നിരവധി ചിത്രങ്ങളില്‍ ഒപ്പമഭിനയിച്ച സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം. 1991-ല്‍ പത്മഭൂഷന്‍ സല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ല്‍ ആന്ധ്ര സര്‍ക്കാര്‍ എന്‍ടിആര്‍ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്).
1998-ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് നല്‍കി പാക്കിസ്ഥാന്‍ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ല്‍ പത്മവിഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.1976 മുതല്‍ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാര്‍ 1981-ല്‍ വീണ്ടും വെള്ളിത്തിരയിലെത്തി. 1998-ല്‍ ഡബിള്‍ റോളിലെത്തിയ ‘ക്വില’യാണ് അദ്ദേഹത്തിന്റെ അവസാനചിത്രം.
ദേവദാസ്, മുഗള്‍ ഇ അസം, മധുമതി, ക്രാന്തി എന്നിവ അടക്കം ദിലീപ് കുമാര്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാചരിത്രത്തിന്റെ ഭാഗമാണ്. ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയും മുതിര്‍ന്ന സിനിമപത്രപ്രവര്‍ത്തകയും സ്‌ക്രീന്‍ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് ദിലീപ് കുമാറിന്റെ ആത്മകഥയെഴുതിയത്. ദിലീപ് കുമാര്‍ 10 വര്‍ഷം കൊണ്ട് പങ്കുവെച്ച ജീവിതകഥകള്‍ കോര്‍ത്തിണക്കി ‘സബ്സ്റ്റന്‍സ് ആന്‍ഡ് ദ ഷാഡോ’ എന്ന പുസ്തകം പൂര്‍ത്തിയാക്കിയത്.









