എണ്ണവില അടുത്ത കാലത്തൊന്നും കുറയില്ല എന്ന് റിപ്പോര്‍ട്ടുകള്‍
എണ്ണ വില കൂടുന്നത് തടയാന്‍ ഒരു സര്‍ക്കാരുകളും ഒന്നും ചെയ്യുന്നില്ല. പൊതുജനം എല്ലാം സഹിക്കുന്നു എന്ന് കരുതി തോന്നിയ പോലെയാണ് ഇപ്പോള്‍ രാജ്യത്തെ എണ്ണവിലയുടെ പോക്ക്. ഈ വര്‍ഷം മാത്രം ഇതുവരെ 63 തവണയാണ് എണ്ണ വില വര്‍ധിപ്പിച്ചത്. രണ്ടു മാസത്തിനിടെ മാത്രം 36 വിലവര്‍ധനയാണ് ഉണ്ടായത്. ഇക്കാലയളവില്‍ മാത്രം ലിറ്ററിന് 7-8 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത് എന്നാണ് എണ്ണക്കമ്പനികളും സര്‍ക്കാറും പറയുന്നത്.
യുഎസ് ക്രൂഡ് ഓയിലായ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റിന്(ഡബ്ല്യൂടിഐ) ബാരല്‍ ഒന്നിന് 75 ഡോളറാണ് ചൊവ്വാഴ്ചയിലെ വില. 2014 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയാണിത്. യുഎസ് ക്രൂഡ് ഓയിലില്‍ ഈ വര്‍ഷം ഇതുവരെ 58 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബെന്റ് ക്രൂഡ് ഓയിലിന് ബാരല്‍ ഒന്നിന് 77 ഡോറളാണ് വില. ഇത് മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ നിരക്കാണ്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒപെക് പ്ലസ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച സ്തംഭിച്ചതോടെ അസംസ്‌കൃത എണ്ണയുടെ വില ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ഡിമാന്‍ഡ് പരിഗണിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഒപെക് ചെവിക്കൊണ്ടിട്ടില്ല.
ആഗോള ആവശ്യത്തിന് അനുസൃതമായി എണ്ണയുടെ ഉത്പാദനവും വിതരണവും വര്‍ധിച്ചിട്ടില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് നൂറു ഡോളര്‍ വരെ എത്താമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറയുന്നത്. വില 80 ഡോളര്‍ ആയാല്‍ തന്നെ വിലയില്‍ ഇനിയും മാറ്റങ്ങളുണ്ടാകും. ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം അവസാനം വരെ ദിനംപ്രതി നാല് ലക്ഷം ബാരലുകള്‍ അധികം ഉത്പാദിപ്പിക്കണമെന്ന നിര്‍ദേശമാണ് ഒപെക് പ്ലസ് കൂട്ടായ്മയ്ക്കു മുമ്പിലുണ്ടായിരുന്നത്. സൗദിയും റഷ്യയും ഇക്കാര്യം അംഗീകരിച്ചെങ്കിലും യുഎഇ ഇടഞ്ഞു നിന്നു. ഉപാധികളോടെയുള്ള ഉത്പാദനം അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് യുഎഇയുടെ നിലപാട്.
കൂടുതല്‍ ഉദ്പാദനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വന്തം ഇന്ധന ആവശ്യത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ക്ക് അത് വന്‍ തിരിച്ചടിയാകും. ലോകത്തിലെ ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ 79 ശതമാനവും ഒപെക് രാജ്യങ്ങളുടെ കൈവശമാണുള്ളത്. ആ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും. അതു കൊണ്ടു തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ആഭ്യന്തര വിപണിയെ ബാധിക്കും. അതേസമയം അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളേക്കാള്‍ കേന്ദ്ര-സംസ്ഥാന നികുതിയാണ് രാജ്യത്ത് എണ്ണ വില ഉയര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട ഘടകം. ക്രൂഡ് ഓയില്‍ വില 30ലേക്ക് താഴ്ന്ന വേളയിലും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സര്‍ക്കാറോ എണ്ണക്കമ്പനികളോ തയ്യാറായിരുന്നില്ല. എണ്ണയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ടു തന്നെ വരും നാളുകളില്‍ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തില്‍ എണ്ണവില വര്‍ധിക്കും എന്ന കാര്യത്തില്‍ ഉറപ്പായി.







