രവി പിള്ളയുടെ മകന്റെ വിവാഹത്തിനായി ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചു ; ഇടപെട്ട് ഹൈക്കോടതി
വ്യാവസായിക പ്രമുഖന്‍ രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. ഏത് സാഹചര്യത്തിലാണ് ഭരണസമിതി ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണം. തിങ്കളാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേര്‍ക്കാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. നടപ്പന്തലിലെ വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എന്നാല്‍ സംഭവത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയത് എന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇവന്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും മറ്റും വെച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ ബോര്‍ഡുകളും കട്ടൗട്ടുകളും കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലകാരങ്ങള്‍ മാറ്റിയിട്ടില്ല. കോവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികള്‍ക്ക് ദേവസ്വം അനുമതി നല്‍കിയതെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.







